ചെറുപുഴ: കാട്ടുപന്നിക്കൂട്ടം സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകനും പരിക്കേറ്റു. മുനയംകുന്നിലെ കേഴപ്ലാക്കല്‍ ജിൻസന്‍റെ ഭാര്യ ബിന്ദു (42), മകൻ അഡോണ്‍ (12) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ചെറുപുഴ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെയായിരു സംഭവം.
കണ്ണിവയല്‍ പള്ളിയിലെ തിരുനാളില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂട്ടർ യാത്രികരായ ഇവരുടെ മുന്നിലേക്ക് കാട്ടുപന്നിക്കൂട്ടം പാഞ്ഞുകയറുകയായിരുന്നു. സ്കൂട്ടറില്‍ നിന്നു താഴെ വീണ് ബിന്ദുവിന്‍റെ ഇടതുകൈയ്ക്കും തോളിനും പരിക്കേറ്റു. അഡോണിന്‍റെ കാലിനാണ് പരിക്ക്. ബിന്ദുവിന്‍റെ ഭർത്താവ് ജിൻസനും മകളും ഇവർക്ക് തൊട്ടുമുന്പ് ഇതുവഴി കടന്നുപോയിരുന്നു. പിന്നാലെ വന്ന ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ബിന്ദുവിനേയും അഡോണിനേയും ആശുപത്രിയിലെത്തിച്ചത്.
കാട്ടുപന്നികളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ് ജനങ്ങള്‍. കൃഷികള്‍ നശിപ്പിക്കുന്നതിന് പുറമെ ഇവയുടെ സാന്നിധ്യം ജനങ്ങളുടെ ജീവനും ഭീഷണി ഉയർത്തുകയാണ്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന് എകെസിസി ഭാരവാഹികളായ റോയി ഐക്കര, ജോർജ്കുട്ടി കുറ്റ്യാനിമറ്റം, ഇടവക കോ -ഓർഡിനേറ്റർ സോണി പൊടിമറ്റം എന്നിവർ ആവശ്യപ്പെട്ടു. പരിക്കേറ്റവരെ എകെസിസി ഭാരവാഹികളും ഇടവക വികാരി ഫാ. സേവ്യർ പുത്തൻപുരയ്ക്കലും ആശുപത്രിയില്‍ സന്ദർശിച്ചു.
Post a Comment