മഴ ശക്തമാകുന്നു; ശബരിമല തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ്, രാത്രി പമ്പയിൽ ഇറങ്ങരുത്



പത്തനംതിട്ട: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പത്തനംതിട്ടയില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം.

വനത്തില്‍ ശക്തമായ മഴയുള്ളതിനാല്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും തീര്‍ഥാടകര്‍ ഇന്ന് രാത്രി പമ്ബാനദിയില്‍ കുളിക്കാന്‍ ഇറങ്ങരുതെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു. രാത്രി യാത്രയില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. നാളെ രാവിലെയും മഴ ശക്തമായി തുടര്‍ന്നാല്‍ കാനനപാത വഴി തീര്‍ത്ഥാടകരെ കടത്തിവിടില്ല. മലയോരമേഖലയായ അത്തിക്കയം, പെരുനാട് സീതത്തോട് എന്നിവിടങ്ങളില്‍ ഇന്ന് കൂടുതല്‍ അളവില്‍ മഴ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വൈകിയവേളയില്‍ പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മഴ ശക്തമായ സാഹചര്യത്തില്‍ പത്തനംതിട്ടയിലും കോട്ടയത്തും റെഡ് അലര്‍ട്ടാണ്. ഈ ജില്ലകളില്‍ അതിതീവ്ര മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശുര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. മധ്യ തെക്കന്‍ കേരളത്തിലെ മലയോരമേഖകളില്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് 4 ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നാളെ അവധി.

Post a Comment

Previous Post Next Post