ഡല്‍ഹി: അക്രമസംഭവങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ കർഫ്യൂ ഏർപ്പെടുത്തി. ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് ജില്ലകളിലാണ് അധികൃതർ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയത്.
ഇൻ്റർനെറ്റ്, മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ക്ക് ഭരണകൂടം നിരോധനം ഏർപ്പെടുത്തി. അഞ്ച് ദിവസത്തേക്ക് വിസാറ്റ്, ബ്രോഡ്ബാൻഡ്, വിപിഎൻ സേവനങ്ങള്‍ എന്നിവയ്ക്കുള്‍പ്പെടെയാണ് നിരോധനം.
ആദ്യം സംസ്ഥാനം മുഴുവൻ നിരോധനം ഏർപ്പെടുത്തിയെങ്കിലും പിന്നീട് താഴ്‌വരയിലെ ജില്ലകള്‍ക്ക് മാത്രമാണ് ഇൻ്റർനെറ്റ് നിരോധനമെന്ന പുതുക്കിയ ഉത്തരവ് പുറപ്പെടുവിച്ചു. കർഫ്യൂ ലംഘിച്ച് വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രതിഷേധക്കാർ സംസ്ഥാന തലസ്ഥാനത്ത് തെരുവിലിറങ്ങിയതായി ഇംഫാല്‍ ഫ്രീ പ്രസ് റിപ്പോർട്ട് ചെയ്തു. ഇത് പൊലീസും പ്രകടനക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായി. സംഘർഷത്തില്‍ 40 ഓളം വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റതായി പിടിഐ റിപ്പോർട്ട് ചെയ്തു.
അതേസമയം, തിങ്കളാഴ്ച, മണിപ്പൂർ സെക്രട്ടേറിയറ്റിനും രാജ്ഭവനും മുന്നില്‍ ആയിരക്കണക്കിന് വിദ്യാർഥികള്‍ തടിച്ചുകൂടി. അടുത്തിടെ നടന്ന ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. ഉത്തരവാദികള്‍ക്കെതിരെ വേഗത്തിലുള്ള നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു. അക്രമം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് ഉന്നത ഉദ്യോഗസ്ഥരുടെയും എംഎല്‍എമാരുടെയും രാജി ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ഡ്രോണ്‍, മിസൈലടക്കമുള്ള ആക്രമണങ്ങളില്‍ എട്ട് പേർ മരിക്കുകയും 12 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Post a Comment