തടിക്കടവ്: റോഡരികി ഇടിഞ്ഞ് പുഴയിലേക്ക് നീങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പരിഹരിക്കാത്തത് വാഹന ഡ്രൈവർമാർക്കും യാത്രക്കാർക്കും ഭീഷണിയാകുന്നതിനൊപ്പം പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയും ചെയ്യുന്നു.
ചാണോക്കുണ്ട് തടിക്കടവ് നെല്ലിപ്പാറ റോഡില്‍ തടിക്കടവ് പന്ത്രണ്ടാംചാല്‍ പക്ഷിസങ്കേതത്തിന് സമീപമാണ് റോഡരിക് ഇടിഞ്ഞ് പുഴയിലേക്ക് തെന്നിനീങ്ങിയ അവസ്ഥയിലുള്ളത്. കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് മരങ്ങളടക്കം പുഴയിലെത്തിയിരുന്നു. സംഭവത്തെ തുടർന്ന് ജില്ലാ കളക്ടർ, ജനപ്രതിനിധികള്‍ എന്നിവർ സ്ഥലം സന്ദർശിക്കുകയും ഉടൻ പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ല.
പുഴ ദിശമാറി ഒഴുകയിതാണ് മണ്ണിടിച്ചിലിന് ഇടയാക്കിയത്. നേരത്തെ പുഴ ഒഴുകിയ ഭാഗത്ത് മണല്‍ അടിഞ്ഞു കൂടിയതിനെ തുടർന്നാണ് പുഴയുടെ ഗതിമാറിയത്. നിലവില്‍ റോഡിന്‍റെ തിട്ടയോട് ചേർന്ന ഭാഗത്തിന് താഴെയായാണ് ഇപ്പോള്‍ പുഴയൊഴുകുന്നത്. റോഡിലെ വളവോട് ചേർന്ന പ്രദേശത്താണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് അപകട ഭീഷണി വർധിപ്പിക്കുന്നുണ്ട്. പരിചയമില്ലാത്ത ഡ്രൈവർമാർ അപകടത്തില്‍ പെടാനുള്ള സാധ്യത ഏറെയാണ്. വാഹനം കടന്നു പോകുന്ന സമയത്ത് മണ്ണിടിച്ചില്‍ ഉണ്ടായാല്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുക.പുഴ പൂർവസ്ഥിതിയില്‍ ആക്കുകയും റോഡ് ബലപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ മണ്ണിടിച്ചില്‍ തടയാനാകൂ.
പുഴയോരം സംരക്ഷിക്കണമെങ്കില്‍ ഒൻപത് കോടിയോളം രൂപയുടെ ചെലവ് വരുമെന്നാണ് കരുതുന്നത്. മണ്ണിടിഞ്ഞ ഭാഗത്ത് മുന്നറിയിപ്പ് എന്ന നിലയില്‍ റോഡിന്‍റെ പകുതിഭാഗത്തോളം റിബണ്‍ കെട്ടി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതല്ലാതെ മറ്റൊരു നടപടിയും ഉണ്ടാകത്തതില്‍ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്.
Post a Comment