ദുബായ്: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് യു.എ.ഇ ഫെഡറല്‍ സുപ്രീം കോടതി.
സ്വദേശി ഓടിച്ച കാറിടിച്ച് പരിക്കേറ്റ മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഉമ്മർ മകൻ ഷിഫിന് അഞ്ച് മില്യണ്‍ ദിർഹം നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചത്. അല്‍ഐനില്‍ ഗ്രോസറി ജീവനക്കാരനായിരുന്നു ഷിഫിൻ.
2022 മാർച്ച് 26ന് നടന്ന അപകടമാണ് കേസിനാധാരം. അഞ്ച് പേരടങ്ങുന്ന കുടുംബത്തെ പോറ്റാൻ പ്രവാസിയായ പിതാവിന് ഒരു കൈത്താങ്ങായാണ് ഷിഫിൻ പ്രവാസ ലോകത്തേക്ക് എത്തുന്നത്. അല്‍ഐനിലെ സൂപ്പർ മാർക്കറ്റില്‍ ചെറു പ്രായത്തില്‍ തന്നെ ജോലിക്ക് കയറി. ബഖാലയില്‍നിന്ന് മോട്ടോർസൈക്കിളില്‍ സാധനങ്ങളുമായി പോയ ഈ 22കാരനെ ഒരു സ്വദേശി ഓടിച്ച കാർ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഷിഫിന് കാര്യമായ പരിക്കേറ്റു. അപകടം നടന്നയുടനെ കാർ ഓടിച്ചിരുന്നയാള്‍ വാഹനം നിർത്താതെ പോയി. സി.സി.ടി.വി സഹായത്തോടെ പൊലീസ് പ്രതിയെ പിടികൂടി. ഉടനെ തന്നെ ഷിഫിന് അല്‍ ഐനിലെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ദ ചികിത്സ നല്‍കിയിരുന്നെങ്കിലും തലക്ക് കാര്യമായ പരിക്കേറ്റിരുന്നു. ഏക മകന്റെ ദാരുണ അപകടത്തിന്റെ വിവരമറിഞ്ഞ പിതാവ് സൗദിയിലെ ജോലിയും വിട്ട് അല്‍ഐനിലെ ആശുപത്രിയില്‍ എത്തി. രണ്ടാഴ്ച്ചത്തെ ചികിത്സക്ക് ശേഷം അല്‍ഐനിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍നിന്ന് അല്‍ഐനിലെ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അരുമ മകന്റെ കണ്ണോ കാലോ ഒന്നിളകുന്നത് കാണാൻ പിതാവ് ഒന്നര വർഷത്തോളം വെന്റിലേറ്ററിന് പുറത്ത് കാവലിരുന്നു. തലച്ചോറിനേറ്റ പരിക്ക് മൂലം ഈ യുവാവിന്റെ പത്തോളം അവയവങ്ങള്‍ക്ക് പ്രവർത്തനക്ഷമത നഷ്ടപ്പെട്ടതായി വൈദ്യശാസ്ത്രം വിധിയെഴുതി. ഇതോടെ അബൂദബിയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. പ്രിയപ്പെട്ടവരുടെ പ്രാർഥനയും യു.എ.ഇയിലെ ചികിത്സയുടെയും ഫലമെന്നോണം ഷിഫിൻ ശിരസ്സ് ഇളക്കാൻ തുടങ്ങി. ഇതോടെ തുടർ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.
Post a Comment