വയനാട് മാനന്തവാടി ടൗണിനോട് ചേർന്ന് കാട്ടാന നിലയുറപ്പിച്ചതിനാല്‍ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള കണിയാരത്തും പായോടുമാണ് ഒറ്റയാനെത്തിയത്.
കർണാടകയില്‍നിന്നുള്ള ഒറ്റയാനാണ് ഇതെന്നാണ് സംശയം.
മാനന്തവാടിയിലെ സ്കൂളുകളില്‍ എത്തിയ കുട്ടികള്‍ ക്ലാസില്‍ തന്നെ തുടരാനും സ്കൂളിലേക്ക് പുറപ്പെടാനൊരുങ്ങിയ കുട്ടികള്‍ വീട്ടില്‍ തുടരാനും അധികൃതർ നിർദേശിച്ചു. മാനന്തവാടി ടൗണ്‍ കേന്ദ്രീകരിച്ചുള്ള സ്കൂളുകളിലേക്ക് ഒരറിയിപ്പുണ്ടാകുന്നത് വരെ വിദ്യാർത്ഥികളെ അയയ്ക്കരുതെന്ന് തഹസില്‍ദാർ അറിയിച്ചു.
നിലവില്‍ സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ പുറത്തിറക്കാതെ സുരക്ഷിതമായി നിർത്തണമെന്നാണു നിർദേശം. എടവക പഞ്ചായത്തിലെ പായോടാണ് ഇന്നലെ രാത്രി കാട്ടാനയിറങ്ങിയത്. വനമില്ലാത്ത പഞ്ചായത്തില്‍ ജനവാസ മേഖലയിലാണ് കാട്ടാന എത്തിയത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണെന്ന് നാട്ടുകാർ പറഞ്ഞു. രാവിലെ പാല്‍ കൊണ്ട് പോയ കർഷകരാണ് ആനയെ ആദ്യം കണ്ടത്. തുടർന്ന് വനപാലകരും പൊലീസും സ്ഥലത്തെത്തി.
Post a Comment