തമിഴക വെട്രി കഴകം'; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ വിജയ്

ചെന്നൈ:തമിഴ് നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. 'തമിഴക വെട്രി കഴകം' എന്നാണ് പാർട്ടിയുടെ പേര്.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാർട്ടി മത്സരിക്കില്ലെന്നും ഒരു പാർട്ടിയെയും പിന്തുണയ്ക്കില്ലെന്നും വിജയ് പുറത്തിറക്കിയ വാർത്താ കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. ആ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിക്കുകയാണ് ലക്ഷ്യമെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു മൊബൈല്‍ ആപ്പും പാർട്ടി ഉടൻ പുറത്തിറക്കും. ഇതിലൂടെ ജനങ്ങള്‍ക്ക് പാർട്ടിയില്‍ അംഗമാകാൻ സാധിക്കും. ഒരു കോടി പേരെ ആദ്യ ഘട്ടത്തില്‍ അംഗമാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. കേരളത്തിലെയും കർണാടകയിലെയും വിജയിയുടെ ശക്തവും സംഘടിതവുമായ ആരാധകവൃന്ദം കണക്കിലെടുത്ത് പാർട്ടിയുടെ വ്യാപനം, തമിഴ്നാടിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്.

വിജയുടെ രാഷ്ട്രീയ പ്രവേശനം ഏറെ നാളായി ചർച്ച ചെയ്യപ്പെടുന്ന ഒന്നായിരുന്നു. തമിഴ് ചലച്ചിത്ര മേഖലയില്‍ രജനീകാന്തിനൊപ്പം ആരാധക പിന്തുണയുള്ള താരമാണ് വിജയ്. അടുത്തിടെ പ്രളയബാധിതർക്ക് സഹായം നല്‍കാനും, പാഠ്യവിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കാനും താരം മുൻകൈ എടുത്തിരുന്നു.

 ഇതോടെ വിജയ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നുവെന്ന തരത്തില്‍ വാർത്തകള്‍ പ്രചരിച്ചിരുന്നു.

വിജയിയുടെ രാഷ്ട്രീയ പ്രവേശനം, തമിഴകത്തിൻ്റെ സിനിമാ-രാഷ്ട്രീയ ഭൂപ്രകൃതിയുടെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാകും. എംജിആർ, ശിവാജി ഗണേശൻ, ജയലളിത, അന്തരിച്ച ക്യാപ്റ്റൻ വിജയകാന്ത് തുടങ്ങിയ സിനിമാ രാഷ്ടിയ പ്രവർത്തകരുടെ പാരമ്ബര്യമുള്ള സംസ്ഥാനമാണ് തമിഴ്നാട്. 49 കാരനായ വിജയ് തമിഴ്നാട്ടിലെ ശരാശരി രാഷ്ട്രീയക്കാരെക്കാള്‍ ചെറുപ്പമാണ്.

Post a Comment

Previous Post Next Post