ക്രിസ്മസ്-ന്യൂ ഇയർ ബംപർ അടിച്ചത് പോണ്ടിച്ചേരി സ്വദേശിക്ക്; ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് കൈമാറി

 



തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ക്രിസ്മസ് - ന്യൂ ഇയർ ബംപർ ലഭിച്ചത് പോണ്ടിച്ചേരി സ്വദേശിക്ക്. ബംപർ അടിച്ച ഭാഗ്യവാൻ തിരുവനന്തപുരം ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് ഹാജരാക്കി. പാലക്കാട് വിൻസ്റ്റാർ ലക്കി സെന്റ്ർ ഉടമയുമായി എത്തിയാണ് ലോട്ടറി ടിക്കറ്റ് കൈമാറിയത്. പോണ്ടിച്ചേരി സ്വദേശിയായ ഇദ്ദേഹം പേര് വെളിപ്പെടുത്തരുതെന്ന് അറിയിച്ചതിനാൽ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിനർഹമായത് XC-224091 എന്ന നമ്പറിനായിരുന്നു. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. ജനുവരി 24-ന് ആയിരുന്നു നറുക്കെടുപ്പ്. ആർക്കാണ് ബംപർ അടിച്ചതെന്ന കാര്യം ഇതുവരെ വ്യക്തമായിരുന്നില്ല. വെള്ളിയാഴ്ച ഉച്ചയോടെ ടിക്കറ്റുമായി തിരുവനന്തപുരത്തെ ലോട്ടറി ഓഫീസിലെത്തിയതോടെയാണ് പോണ്ടിച്ചേരി സ്വദേശിക്കാണ് ബംപർ അടിച്ചതെന്ന് വ്യക്തമായത്.
പാലക്കാടുള്ള വിൻസ്റ്റാർ ലോട്ടറി ഏജൻസി ഉടമ പി. ഷാജഹാൻ തിരുവനന്തപുരം സ്വദേശിയായ വിൽപനക്കാരന് വിറ്റ ടിക്കറ്റിനാണ് ബംപർ അടിച്ചത്. തിരുവനന്തപുരത്തുള്ള ഏജന്റ് ദൊരൈരാജാണ് പാലക്കാട്ടെ ഏജൻസിയിൽനിന്ന് ടിക്കറ്റ് വാങ്ങിയത്. ദൊരൈരാജിൻറെ തിരുവനന്തപുരത്തുള്ള ലോട്ടറിക്കടയിൽ വിൽപന നടത്തുന്നതിനായാണ് ഈ ടിക്കറ്റുകൾ വാങ്ങിയത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ലക്ഷ്മി സെന്റർ എന്ന ലോട്ടറി കടയിലാണ് ഈ ടിക്കറ്റുകൾ വിൽപന നടത്തിയത്.

Post a Comment

Previous Post Next Post