കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ കത്തോലിക്ക കോണ്‍ഗ്രസ് ആലക്കോട് മേഖല സത്യഗ്രഹ സമരം നടത്തി

ആലക്കോട്: കർഷകരുടെ വിഷമങ്ങള്‍ സർക്കാരു കള്‍ ശ്രവിക്കുന്നതെന്നത് സങ്കടകരമെന്ന് തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി.


കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ കത്തോലിക്ക കോണ്‍ഗ്രസ് ആലക്കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹ സമരത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഒന്നല്ല ഒമ്ബത് ജപ്തി നോട്ടീസ് വന്നാലും കർഷകന്‍റെ ഒരിഞ്ച് കൃഷി ഭൂമി പോലും ഒരു ബാങ്കിനും അടിയറവ് വയ്ക്കാൻ മലയോര കർഷകർ തയാറല്ല. കർഷകരുടെ കൃഷി ഭൂമിയില്‍ വളരുന്ന എല്ലാം മ്യഗങ്ങളുടെയും അധികാരി കർഷകരാണ്. അതാണ് കർഷകരുടെ നയപ്രഖ്യാപനം. റബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കണം. റബർ ടാപ്പിംഗ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വർഷത്തില്‍ 150 ദിവസത്തെ വേതനം റബർ കർഷകർക്ക് നല്‍കണമെന്നും ആർച്ച്‌ബിഷപ് ആവശ്യപ്പെട്ടു. 

‌ യോഗത്തില്‍ അതിരൂപത പ്രസിഡന്‍റ് ടോണി പുഞ്ചക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. റവ.ഡോ. ഫിലിപ്പ് കവിയില്‍, ഫാ. ഇമ്മാനുവല്‍ ആട്ടേല്‍, ഫാ. ജോർജ് തൈക്കുന്നുംപുറം, ഫാ. ജോർജ് പുഞ്ചത്തറപ്പേല്‍, ഫാ. സേവ്യർ തെക്കനാല്‍, ഫാ. ബിബിൻ വരമ്ബകത്ത്, ഫാ. കുര്യാക്കോസ് ഓരത്തേല്‍, ഫാ. ജിൻസ് വാളിപ്ലാക്കല്‍, ഫാ.ഫിലിപ്പ് വെളിയത്ത്, ഫാ.ജോസഫ് കരിയിലപ്പുറം, അഡ്വ. ബിനോയ് തോമസ് എന്നിവർ പ്രസംഗിച്ചു. 

കത്തോലിക്ക കോണ്‍ഗ്രസ് ആലക്കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ആലക്കോട് ടൗണിലായിരുന്നു സത്യഗ്രഹസമരം. ജപ്തി നടപടികള്‍ അവസാനിപ്പിക്കുക, കർഷക ആത്മഹത്യകള്‍ക്ക് പരിഹാരം കാണുക, വന്യമൃഗ ആക്രമണത്തില്‍ നിന്ന് കർഷകരെ രക്ഷിക്കുക, 400 കെ.വി ലൈൻ കടന്നുപോകുന്ന സ്ഥലത്തെ കർഷകർക്ക് അർഹ മായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

റവ.ഡോ. ഫിലിപ്പ് കവിയില്‍ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്‍റ് ടോമി കണയാങ്കല്‍ അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. ഇമ്മാനുവേല്‍ ആട്ടേല്‍, ഫാ. ജോർജ് തൈക്കുന്നുംപുറം, ഫാ. ജിൻസ് വാളിപ്ലാക്കല്‍, ബിബിൻ വെട്ടിക്കാട്ട്, ജോബിൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post