കണ്ണൂര്‍ : താണമുതല്‍ താഴെചൊവ്വവരെയുള്ള റോഡില്‍ ഗതാഗതതടസ്സം കാരണം ജനം വലയുന്നു. കണ്ണൂരില്‍നിന്ന് താഴെചൊവ്വയെത്താന്‍ മിക്ക സമയത്തും ഏറെ സമയമെടുക്കുന്നു.
ചില ദിവസങ്ങളില്‍ ഒരുമണിക്കൂറോളം വേണ്ടിവരുന്നു. താണ കഴിഞ്ഞ് കണ്ണോത്തുംചാല്‍, മേലെചൊവ്വ വഴി താഴെചൊവ്വ എത്താനാണ് ഈ പെടാപ്പാട്. നടന്നാല്‍ 20 മിനിറ്റ് കൊണ്ട് എത്താന്‍ പറ്റുന്ന ദൂരമാണിത്.
കണ്ണൂര്‍-താഴെചൊവ്വ ദേശീയപാതയില്‍ കുരുക്കുണ്ടാകുന്നതോടെ അനുബന്ധ റോഡുകളിലേക്കും ഗതാഗതതടസ്സം നീളുന്നു. *ബൈപ്പാസ് റോഡിലും കുരുക്ക്* താഴെചൊവ്വയില്‍നിന്ന് ചാലയിലേക്ക് പോകുന്ന റോഡിലും കുരുക്കുതന്നെ. പുതിയ പാതയുടെ പണി നടക്കുന്ന ബൈപ്പാസിന്റെ പല ഭാഗത്തും വാഹനങ്ങള്‍ കടന്നുപോകാന്‍ പ്രയാസം നേരിടുന്നു. താഴെചൊച്ച റെയില്‍വെ ഗേറ്റ് അടയ്ക്കുന്ന സമയത്ത് പരിസരത്താകെ വാഹനങ്ങള്‍ നിശ്ചലമാകുന്നു. താഴെചൊവ്വയില്‍ നിരവധി വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടുന്നതും കുരുക്കിന് കാരണമാകുന്നുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. താഴെചൊവ്വ ഗേറ്റ് അടയ്ക്കുമ്ബോള്‍ കീഴ്ത്തള്ളി ഓവുപാലം റെയില്‍വെ അടിപ്പാത വഴിയാണ് വാഹനങ്ങള്‍ പോകുന്നത്. ഇവിടെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യഷോപ്പ് പുതുതായി ആരംഭിച്ചിട്ടുണ്ട്. ടൗണിലെ മദ്യവില്പനശാല ഏതാനും മാസം മുന്‍പാണ് ഇങ്ങോട്ട് മാറ്റിയത്. മദ്യഷോപ്പില്‍ എത്തുന്നവരുടെ വാഹനങ്ങള്‍ അലക്ഷ്യമായി നിര്‍ത്തിയിടുന്നതും കുരുക്കിന് കാരണമാകുന്നു. താഴെചൊവ്വ റെയിവേ ഗേറ്റ് അറ്റകുറ്റപ്പണിക്കും മറ്റുമായി പലപ്പോഴും അടച്ചിടാറുണ്ട്. ഗേറ്റ് അടച്ചാല്‍ കുരുക്ക് മേലെചൊവ്വവരെ നീളുന്നു.
Post a Comment