വീശിയടിക്കാനൊരുങ്ങി 'മോക്ക' ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ കനക്കും, ജാഗ്രത നിര്‍ദേശം

 


തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ സാധ്യത. മോക്ക ചുഴലിക്കാറ്റിന്റെ സാഹചര്യത്തിലാണ് മഴ കനക്കുന്നത്.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപപ്രദേശങ്ങളിലും ചക്രവാതച്ചുഴി രൂപപ്പെട്ടു. നാളെ ന്യൂനമര്‍ദമായും ചൊവ്വാഴ്ച തീവ്രന്യൂനമര്‍ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. അതിനുശേഷം വടക്ക് ദിശയിലേക്ക് പ്രവഹിച്ച്‌ മധ്യ ബംഗാള്‍ ഉള്‍കടലിലേക്ക് നീങ്ങുന്ന പാതയില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.


ചുഴലിക്കാറ്റ് സംസ്ഥാനത്തെ ബാധിക്കില്ലെങ്കിലും കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയും മിന്നലും കാറ്റോടും കൂടിയ മഴക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കും. മേയ് 08 മുതല്‍ മേയ് 10 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത. നാളെ എറണാകുളം, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.


ഇന്ന് രാത്രി11.30 വരെ 0.8 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത 20 – 50 cm/sec വരെ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Post a Comment

Previous Post Next Post