തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളില്‍ 220 അധ്യയനദിനം ഉറപ്പാക്കാന്‍ എല്ലാവരുടെയും സഹായം ആവശ്യമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഇതിനാണ് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി സേ, ഇംപ്രൂവ്മെന്റ് പ്രത്യേക പരീക്ഷ വാര്‍ഷിക പരീക്ഷയ്ക്ക് ഒപ്പമാക്കിയത്. സ്കൂള്‍ തുറപ്പിന് മുന്നോടിയായി നടത്തിയ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകര്‍ ഇല്ലാത്ത അവസ്ഥ ഒരിടത്തും ഉണ്ടാകരുത്. സ്കൂള്‍ ഓഫീസ് വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കണം. ശനിയാഴ്ചയും പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ ചുമതലയുള്ള അധ്യാപകന്‍, ഓഫീസ് സ്റ്റാഫ്‌എന്നിവര്‍ ഓഫീസിലുണ്ടാകണം.
പുതിയ അധ്യയന വര്‍ഷത്തെ സ്കൂള്‍തല വാര്‍ഷിക പ്ലാന്‍ ജൂണ്‍ ആറിനകം തയ്യാറാക്കണം. കലാ–-കായിക–- ശാസ്ത്ര മേളകള്‍ ഇതിന്റെ ഭാഗമായി തീരുമാനിക്കും. ഒന്നാം ടേം ആസൂത്രണവും പൂര്‍ത്തിയാക്കും. ആഴ്ചതോറും എസ്‌ആര്‍ജി യോഗം ചേര്‍ന്ന് പാഠ്യ–- അനുബന്ധ പ്രവര്‍ത്തനം വിലയിരുത്തണം. സ്കൂളുകളില്‍ പിടിഎ സഹായത്തോടെ ശുദ്ധജല ലഭ്യത ഉറപ്പാക്കണം. കിണറും ടാങ്കുകളും 30നകം ശുചീകരിക്കണം. ഗ്രീന്‍ ക്യാമ്ബസ് ക്ലീന്‍ ക്യാമ്ബസ് പദ്ധതി ആരംഭിക്കും. പരിസ്ഥിതി ദിനത്തില്‍ ഇതിന് തുടക്കംകുറിക്കുമെന്നും മന്ത്രി പറഞ്ഞു.
എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയത്തിന് ഹാജരാകാത്ത 3708 അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയ ക്യാമ്ബില്‍നിന്ന് 2700 പേരും ഹയര്‍ സെക്കന്‍ഡറിയില്‍ 1008 പേരുമാണ് അവധിക്ക് അപേക്ഷിക്കാതെ വിട്ടുനിന്നത്. എസ്‌എസ്‌എല്‍സി ഫലം 20നും പ്ലസ്ടു 25നും പ്രഖ്യാപിക്കും. പ്രവേശന നടപടി പൂര്‍ത്തിയാക്കി ജൂലൈ ഒന്നിനുതന്നെ പ്ലസ്വണ്‍ ക്ലാസുകള്‍ തുടങ്ങും. ജൂണ്‍ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന സ്കൂള്‍ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ട്യൂഷന്‍ എടുക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനം പൊതുവിദ്യാഭ്യാസ നിലവാരം തകരുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം ക്ലാസെടുക്കുന്നില്ലെന്ന് അധ്യാപകരില്‍നിന്ന് സത്യവാങ്മൂലം വാങ്ങും. ഇതിനാവശ്യമായ നടപടിക്ക് ഡിജിഇയെ ചുമതലപ്പെടുത്തി.
Post a Comment