കൊട്ടിയൂർ : ബോയ്സ് ടൗൺ-പാൽച്ചുരം പാതയുടെ അറ്റകുറ്റപ്പണികൾ തിങ്കളാഴ്ച ആരംഭിക്കും. ചുരം വഴിയുള്ള ഗതാഗതം തിങ്കളാഴ്ചമുതൽ 31 വരെ പൂർണമായും നിരോധിച്ചായിരിക്കും അറ്റകുറ്റപ്പണികൾ നടത്തുകയെന്ന് കെ.ആർ.എഫ്.ബി. അസി. എക്സിക്യുട്ടീവ് എൻജിനിയർ പി. സജിത്ത് അറിയിച്ചു.
85 ലക്ഷം രൂപയാണ് റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചിരിക്കുന്നത്. ചുരം റോഡിന്റെ മുകളിലുള്ള ഭാഗത്ത് സ്ഥിരമായി പൊട്ടിപ്പൊളിയുന്ന ഇടങ്ങളിൽ ഇന്റർലോക്ക് ചെയ്യും. റോഡിന്റെ മറ്റ് ഭാഗങ്ങളിൽ ടാറിങ്ങും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ചുരംറോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. റോഡിലെ വലിയ കുഴികളിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതും പതിവാണ്. പ്രകൃതിക്ഷോഭത്തിൽ റോഡിന്റെ വീതിയും കുറഞ്ഞിരുന്നു.
ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ചുരംപാതയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും നാളുകളായി ആവശ്യപ്പെടുന്നതാണ്. കൊട്ടിയൂർ വൈശാഖോത്സവം ആരംഭിക്കാനിരിക്കെ, റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂർ ദേവസ്വവും പി.ഡബ്ല്യു.ഡി. എക്സിക്യുട്ടീവ് എൻജിനിയർക്ക് കത്ത് നൽകിയിരുന്നു.
Post a Comment