സ്വപ്നക്കാഴ്ചകളുടെ സുന്ദര നിമിഷങ്ങള്‍ ഒരുക്കി മതിലേരിത്തട്ട് മാമല; പക്ഷേ ടൂറിസം വികസനം ആവശ്യം

 


ശ്രീകണ്ഠപുരം: സ്വപ്നക്കാഴ്ചകളുടെ സുന്ദര നിമിഷങ്ങള്‍ സ്വന്തമാക്കാന്‍ സഞ്ചാരികളെത്തുമ്ബോഴും ടൂറിസം വികസനം കൊതിച്ച്‌ മതിലേരിത്തട്ട് മാമല.

പയ്യാവൂര്‍ പഞ്ചായത്തിലെ മലയോര പ്രദേശമായ മതിലേരിത്തട്ടാണ് സഞ്ചാരികളുടെ പറുദീസയാവാനൊരുങ്ങുന്നത്. 

കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ നിന്ന് കുറച്ച്‌ ദൂരം മുകളിലോട്ട് കയറിയാല്‍ മതിലേരിത്തട്ടിലെത്താം. എല്ലാ സമയവും കൊടും തണുപ്പും കോടമഞ്ഞും കാടും മലനിരയും ആസ്വദിക്കേണ്ടവര്‍ക്ക് മതിലേരിത്തട്ടിലെത്താം.പിന്നെ ദൃശ്യ ചാരുതയില്‍ സഞ്ചാരികളെ വിസ്മയിപ്പിക്കും.


സമുദ്രനിരപ്പില്‍ നിന്ന് 4200 അടി ഉയരത്തിലാണ് ഈ പ്രദേശം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പരന്ന സ്ഥലമായതുകൊണ്ട് മറ്റ് അപകട സാധ്യതകളും ഇവിടെയില്ല. ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഇതുവരെ മതിലേരിത്തട്ടിലുണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. വര്‍ഷത്തില്‍ എല്ലാ ദിവസവും സുഖകരമായ തണുപ്പുണ്ടിവിടെ. 


ചൂട് ഒരിക്കലും 25 ഡിഗ്രി സെന്റിഗ്രേഡിനു മുകളില്‍ പോകാറില്ല. പ്രളയ സമയത്തെ അതി തീവ്ര മഴയില്‍ പോലും ഒരപകടവും ഇവിടെ സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വളരെ സുരക്ഷിതമായ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മതിലേരിത്തട്ടിനെ രൂപപ്പെടുത്താനാകും. മതിലേരിത്തട്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് ആടാം പാറയും, തെക്കു വശത്ത് കാഞ്ഞിരക്കൊല്ലിയുമാണ്. 


വടക്കും, കിഴക്കും ഭാഗങ്ങളില്‍ കര്‍ണാടകയില്‍ പെടുന്ന ബ്രഹ്മഗിരി റിസേര്‍വ് വനങ്ങളാണ്. പല തവണ അധികൃതര്‍ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടും സഞ്ചാരികള്‍ വര്‍ധിച്ചതല്ലാതെ ടൂറിസം വികസന പദ്ധതികളൊന്നും ഇവിടേക്ക് എത്തിയില്ലെന്നത് വലിയ നിരാശയുണ്ടാക്കുന്നു. 


ട്രക്കിങ്ങിന് അനുയോജ്യം 


ട്രക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് ആസ്വദിക്കാനുള്ള ഭൂപ്രകൃതിയും സൗകര്യവും ഇവിടെയുണ്ട്. മതിലേരിത്തട്ടിലേക്ക് ആടാം പാറയില്‍ നിന്ന് മൂന്നു കിലോമീറ്ററും, കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ നിന്ന് നാല് കിലോമീറ്ററും ദൂരമേയുള്ളൂ. 


ഈ സ്ഥലങ്ങളില്‍ നിന്ന് മതിലേരിത്തട്ടിലേക്ക് റോഡ് സൗകര്യവുമുണ്ട്. ഈ റോഡുകള്‍ നവീകരിച്ച്‌ ടാറിങ് നടത്തിയാല്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്ന് നാട്ടുകാര്‍ പറയുന്നു. ജില്ല പഞ്ചായത്തിന്റെയും, ഡി.ടി.പി.സിയുടെയും ശ്രദ്ധ ഇവിടെ കൂടുതല്‍ പതിഞ്ഞാല്‍, മലബാറിലെ ഏറ്റവും നല്ല ടൂറിസ്റ്റ് കേന്ദ്രമായി മതിലേരിത്തട്ടിനെ വികസിപ്പിക്കാം. 


മതിലേരിത്തട്ടില്‍ നിലവില്‍ ജനവാസമില്ലാത്തതുകൊണ്ട് വിനോദ സഞ്ചാര മേഖലയായി വികസിപ്പിക്കുമ്ബോള്‍ മറ്റ് ബുദ്ധിമുട്ടുണ്ടാകളും ഉണ്ടാവില്ല. വഞ്ചിയം, ആടാംപാറ, ഏലപ്പാറ പ്രദേശങ്ങള്‍ ഹോംസ്റ്റേ സംരംഭങ്ങള്‍ക്കും യോജിച്ചതാണ്. കഴിഞ്ഞ വര്‍ഷം സജീവ് ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഹോംസ്റ്റേ സംരംഭകര്‍ക്കായി പരിശീലന പരിപാടി നടത്തിയിരുന്നു. മതിലേരിത്തട്ട് നിരന്ന പ്രദേശമായതുകൊണ്ട് ക്യാമ്ബിങ്ങിനും മറ്റും വളരെ അനുയോജ്യമാണ്. 


ടൂറിസ്റ്റ് സര്‍ക്യൂട്ട് സാധ്യതയേറെ


മതിലേരിത്തട്ടിന് സമീപത്തുതന്നെയുള്ള കാഞ്ഞിരക്കൊല്ലിയിലെ ശശിപ്പാറ, കന്മദപാറ, അളകാപുരി വെള്ളച്ചാട്ടം തുടങ്ങിയവ വര്‍ഷങ്ങളായി വിനോദ സഞ്ചാരികള്‍ ധാരാളമായി എത്തുന്ന സ്ഥലങ്ങളാണ്. വഞ്ചിയം-മതിലേരിത്തട്ട്-കാഞ്ഞിരക്കൊല്ലി മേഖലകള്‍ കൂട്ടിച്ചേര്‍ത്ത് ടൂറിസ്റ്റ് സര്‍ക്യൂട്ട് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. പരന്ന പ്രദേശമായതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ക്യാമ്ബിങ്ങിനും യോജിച്ച സ്ഥലമാണ്. 


കഴിഞ്ഞ വര്‍ഷം മതിലേരിത്തട്ട് വികസന സമിതിയും കേരള ഫ്ലാറ്റ് ഫെന്‍ഡര്‍ ജീപ്പേഴ്സ് അസോസിയേഷനും ചേര്‍ന്ന് മതിലേരിത്തട്ടിലേക്ക് സാഹസിക ജീപ്പ് റാലി നടത്തിയിരുന്നു. 15 ഫോര്‍വീല്‍ ഡ്രൈവ് ജീപ്പുകള്‍ റാലിയില്‍ പങ്കെടുത്തു. 


മതിലേരിത്തട്ടിനെ ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജീപ്പ് റാലി നടത്തിയത്. മതിലേരിത്തട്ട് അടക്കമുള്ള മലയോരത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ സജീവ് ജോസഫ് എം.എല്‍.എ. നല്‍കിയ സബ്മിഷന് മറുപടിയായി പറഞ്ഞിട്ടുണ്ട്.

ഇത് സഞ്ചാരികളുടെയും സമീപ പ്രദേശവാസികളുടെയും പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഒന്നും യാഥാര്‍ഥ്യമായിട്ടില്ല. പൈതല്‍ മല, കാഞ്ഞിരക്കൊല്ലി, പാലക്കയം തട്ട് എന്നിവയോടൊപ്പം മതിലേരിത്തട്ടു കൂടി വികസിക്കുന്നതോടെ ഇരിക്കൂര്‍ മണ്ഡലത്തിന്റെ ടൂറിസം സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറം കൈവരും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നടക്കം കൂടുതല്‍ സഞ്ചാരികളെ ഇവിടങ്ങളിലേക്ക് ആകര്‍ഷിക്കാനും കഴിയും. മുഴുപ്പിലങ്ങാടും പയ്യാമ്ബലവും കോട്ടകളും പാര്‍ക്കുകളും കണ്ണൂരില്‍ നഗരകേന്ദ്രീകൃതമാണ്. അവ കണ്ടശേഷം മലയോരത്തെ കാഴ്ച്ചകള്‍ കാണാനെത്താം. പറശ്ശിനി, വളപട്ടണം പുഴകളിലെ ബോട്ട് സര്‍വിസുകള്‍ കൂടിയുള്ളതിനാല്‍ ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് വിനോദയാത്ര ഏറെ ആസ്വാദ്യകരമാവും.

Post a Comment

Previous Post Next Post