കോഴിക്കോടൻ ഭാഷയുടെ മനോഹരമായ ശൈലിയെ സിനിമയിൽ ജനകീയമാക്കിയ നടൻകൂടിയാണ് മാമുക്കോയ.
കോഴിക്കോട്: മലയാള സിനിമയിൽ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടൻ മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേ അഞ്ചോടെയായിരുന്നു അന്ത്യം.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടൻമാരിൽ ഒരാളായ മാമുക്കോയ നാടകരംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്. കോഴിക്കോടൻ ഭാഷയുടെ മനോഹരമായ ശൈലിയെ സിനിമയിൽ ജനകീയമാക്കിയ നടൻകൂടിയാണ് മാമുക്കോയ. കുതിരവട്ടം പപ്പു അതിന് മുൻപ് അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായിത്തീർന്നത്. വിദ്യാർഥിയായിരുന്ന കാലത്ത് തന്നെ നാടക പ്രവർത്തങ്ങളിൽ സജീവമായിരുന്നു.
ചാലിക്കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946-ൽ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ജനിക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ചതിനാൽ ജ്യേഷ്ഠന്റെ സംരക്ഷണത്തിലാണ് വളർന്നത്. കോഴിക്കോട് എം. എം. ഹൈസ്കൂളിൽ പത്താംക്ലാസ് വരെയുള്ള പഠനം പൂർത്തിയാക്കിയത്. പഠനകാലത്തു തന്നെ സ്കൂളിൽ നാടകങ്ങൾക്ക് നേതൃത്വം നൽകുകയുംഅഭിനയിക്കുകയും ചെയ്യുമായിരുന്നു.
സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് ജില്ലയിലെ കല്ലായിയിൽ മരം അളക്കലായിരുന്നു തൊഴിൽ. മരത്തിനു നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയെല്ലാത്തിലും വിദഗ്ധനായി. അതോടൊപ്പം നാടകവും ഒരുമിച്ചുകൊണ്ടുപോകാൻ അദ്ദേഹം ശ്രദ്ധിച്ചു. മലബാർ ഭാഗത്തെ ഭാഗത്തെ നിരവധി നാടക- സിനിമാ പ്രവർത്തകരുമായി സൗഹൃദമുണ്ടായിരുന്നു. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
Post a Comment