സ്‌കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങി; കാണാതായപ്പോള്‍ അന്വേഷണം; ഒടുവില്‍ കണ്ണൂരിലെ അഞ്ചാം ക്ലാസുകാരിയെ കണ്ടെത്തിയത് തിയേറ്ററില്‍ നിന്നും; ഒപ്പം പതിനാറുകാരനായ സുഹൃത്തും

 


കണ്ണൂര്‍: കണ്ണൂരില്‍ ഇന്നലെ രാവിലെ നടന്ന സംഭവം ഏറെ നേരം പരിഭ്രാന്തി പരത്തി.സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ അഞ്ചാം ക്ലാസുകാരിയെ കാണാതായി.രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്ക് വിളിച്ച്‌ അന്വേഷിച്ചതോടെയാണ് കുട്ടിയെ കാണാതായ വിവരം അറിഞ്ഞത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

വീട്ടുകാരും നാട്ടുകാരും സ്‌കൂള്‍ അധികൃതരും കുട്ടി എവിടെപ്പോയി എന്നറിയാതെ പരിഭ്രാന്തരായിരുന്നു. വാനിലായിരുന്നു കുട്ടി സ്‌കൂളിലേക്ക് പോകാറ്. വാനിന്റെ ഡ്രൈവറുടെ അടുത്ത് ചോദിച്ചപ്പോള്‍ കുട്ടി സ്‌കൂളിന്റെ പരിസരത്ത് ഇറങ്ങിയിട്ടുണ്ട് എന്നാണ് പറഞ്ഞത്. ഇത് കേട്ട് ഉടനെ എല്ലാവരും കുട്ടിക്ക് എന്ത് സംഭവിച്ചു എന്ന് അറിയാതെ ആശങ്കയിലായി.

പിന്നീട് കണ്ണൂര്‍ സിറ്റി പൊലീസില്‍ കാര്യം അറിയിച്ചു. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തുകൊടേരി എല്ലാ സ്റ്റേഷനിലും കുട്ടിയെ കാണാനില്ല എന്ന വിവരം അറിയിച്ചു. അന്വേഷണം തുടങ്ങി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുട്ടി ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതായും ഇന്‍സ്റ്റഗ്രാമില്‍ തിരുവനന്തപുരം സ്വദേശിയായ 16 വയസ്സുകാരനുമായി മെസ്സേജ് നിരന്തരമായി അയക്കുന്നുണ്ട് എന്നും മനസ്സിലായി.

അതിനുപുറമേ സുഖമില്ലാത്തതിനാല്‍ താനിന്ന് അവധി ആയിരിക്കുമെന്ന് ടീച്ചര്‍ക്ക് അമ്മയുടെ ഫോണില്‍ നിന്ന് വാട്‌സ്‌ആപ്പ് സന്ദേശം അയച്ചതായും ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവങ്ങള്‍ ആയിരുന്നു. പൊലീസ് ഉറ്റ സുഹൃത്തായ വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

16 വയസ്സുകാരനായ വാട്‌സാപ്പില്‍ മെസ്സേജ് അയക്കാറുള്ള തിരുവനന്തപുരം സ്വദേശി വീട്ടിലെ മുയലിനെ വിറ്റ് കിട്ടിയ പണം ശേഖരിച്ച്‌ വിദ്യാര്‍ത്ഥിനിയെ കാണാനായി കണ്ണൂരില്‍ എത്തിയതായി മനസ്സിലായി. പിന്നീട് ഇവര്‍ രണ്ടുപേരും ചേര്‍ന്ന് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

ഒടുവില്‍ രണ്ടുപേരെയും സവിത ഫിലിം സിറ്റിയില്‍ നിന്ന് സിനിമ കാണുന്നതിനിടയ്ക്ക് പൊലീസ് കണ്ടെത്തി. ഇന്‍ന്റര്‍വെല്‍ സമയത്ത് പൊലീസ് തിയേറ്ററില്‍ കയറിയപ്പോള്‍ രണ്ടുപേരും സുഖമായിരുന്ന് സിനിമ കാണുന്നു. വിദ്യാര്‍ത്ഥിനിയോട് ചോദിച്ചപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായി. രണ്ടുപേരും ഇന്ന് കാണാമെന്ന് തീരുമാനമെടുത്തിരുന്നു.

സുഹൃത്തായ വിദ്യാര്‍ത്ഥിനിയെ കൂടെ വരാന്‍ കുട്ടി ക്ഷണിച്ചിരുന്നു എങ്കിലും സുഹൃത്ത് വിസമ്മതിച്ചിരുന്നു. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥിനി വീട്ടില്‍ നിന്നും ഒറ്റയ്ക്ക് സ്‌കൂളിലേക്ക് ആണെന്ന് പറഞ്ഞ് ഇറങ്ങി. ബാഗില്‍ മറ്റൊരു വസ്ത്രവും കരുതി. ആ വസ്ത്രം തിയേറ്ററിലെ ബാത്‌റൂമില്‍ നിന്നും മാറിയശേഷം സിനിമയ്ക്ക് കയറി. ഏതായാലും കുട്ടിയെ കണ്ടെടുത്ത സന്തോഷത്തിലാണ് വീട്ടുകാര്‍. പക്ഷേ സംഭവം എല്ലാവരെയും ആകെ അമ്ബരപ്പെടുത്തിയിരിക്കുകയാണ്.

Post a Comment

Previous Post Next Post