കണ്ണൂര്‍: തലശേരി പുന്നോല്‍ കൊലപാതകം ഏഴ് പേര്‍ കസ്റ്റഡിയില്‍. പോലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
രാഷ്ട്രീയ കൊലപാതകം ആണോ അല്ലയോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുകയാണ്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ സ്വദേശി ഹരിദാസിനെ അക്രമി സംഘം വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയായിരുന്ന ഹരിദാസിനെ ജോലി കഴിഞ്ഞ് മടങ്ങവേ വീടിന് സമീപത്ത് വച്ചാണ് കൊലപ്പെടുത്തിയത്. ബന്ധുക്കളുടെ മുന്നിലിട്ടാണ് ഹരിദാസിനെ വെട്ടിക്കൊന്നത്. കാല്‍ മുറിച്ചുമാറ്റി. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് സിപിഎം ആരോപിച്ചു.
ഒരാഴ്ച മുമ്ബ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസനെ കൊലപ്പെടുത്തിയത്. തലശേരി കൊമ്മല്‍ വാര്‍ഡിലെ കൗണ്‍സിലര്‍ വിജേഷ് ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തില്‍ നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പ്രതികരിച്ചു.
തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ആര്‍എസ്‌എസാണ് കൊലയ്ക്ക് പിന്നിലെന്ന് എ വിജയരാഘവന്‍ ആരോപിച്ചു. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്‌എസിന്റെ ഗൂഢനീക്കമാണിത്. സിപിഎം യാതൊരു പ്രകോപനവും നടത്തിയിട്ടില്ലെന്നും നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ആര്‍എസ്‌എസ് ശ്രമിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.
Post a Comment