5 വർഷം 15,000 സ്റ്റാർട്ടപ് ; 2 ലക്ഷം തൊഴിൽ


തിരുവനന്തപുരം
അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് നവീനസാങ്കേതിക രംഗത്ത് 15,000 സ്റ്റാർട്ടപ് ആരംഭിക്കും. ഈ മേഖലയിൽ രണ്ടുലക്ഷം തൊഴിലവസരമാണ് ഇതുവഴി സൃഷ്ടിക്കുക. കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്യുഎം) സംഘടിപ്പിച്ച സ്റ്റാർട്ടപ് സംരംഭകരുടെ ദ്വിദിന ആഗോള വെർച്വൽ ഉച്ചകോടി ‘ഹഡിൽ ഗ്ലോബൽ 2022' ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അഞ്ച് വർഷം കൊണ്ട് 15,000 സ്റ്റാർട്ടപ്പുകളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2015നു ശേഷം 3200 കോടി രൂപയുടെ നിക്ഷേപം സ്റ്റാർട്ടപ് മേഖലയിൽ ആകർഷിക്കാനായി. കൊച്ചിയിൽ സ്ഥാപിച്ച ടെക്നോളജി ഇന്നൊവേഷൻ സോൺ മാതൃകയിൽ തിരുവനന്തപുരത്ത് എമർജിങ് ടെക്നോളജീസ് സ്റ്റാർട്ടപ് ഹബ് സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഫിൻടെക് സ്റ്റാർട്ടപ്പുകൾക്കായുള്ള ആദ്യ ആക്സിലറേറ്റർ സംവിധാനവും ഫിനിഷിങ് സ്കൂളും ഹഡിൽ ഗ്ലോബലിന്റെ മൂന്നാം പതിപ്പിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ് കെഎസ്യുഎമ്മിന്റെ സഹകരണത്തോടെയാണ് ഫിൻടെക് ആക്സിലറേറ്റർ ആരംഭിച്ചത്. അനീഷ് അച്യുതൻ, മേബെൽ ചാക്കോ, ദീന ജേക്കബ്, അജീഷ് അച്യുതൻ എന്നിവരാണ് ഓപ്പണിന്റെ സ്ഥാപകർ.

ആഗോള സംരംഭകരുമായി ഇവിടത്തെ സ്റ്റാർട്ടപ് സമൂഹത്തിനുള്ള ബന്ധം ശക്തമാക്കുന്നതിൽ കെഎസ്യുഎമ്മിനുള്ള പങ്ക് നിസ്തുലമാണെന്ന് അധ്യക്ഷനായ വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഏഷ്യയുടെ ഫിൻടെക് തലസ്ഥാനമാകാൻ ഇന്ത്യക്ക് സാധിക്കുമെന്ന് ലണ്ടൻ സിറ്റി മേയറും ഡിഎൽഎ പൈപ്പറിന്റെ പങ്കാളിയുമായ ആൽഡെർമാൻ വിൻസെന്റ് കീവ്നി പറഞ്ഞു. 
ഉച്ചകോടിയുടെ ആദ്യദിനം ഗൂഗിൾ ഫോർ സ്റ്റാർട്ടപ്സ്, ഹബിറ്റാറ്റ്, ജെട്രോ, ഗ്ലോബൽ ആക്സിലറേറ്റർ നെറ്റ്വർക്ക്, ഐ ഹബ് ഗുജറാത്ത്, നാസ്കോം, സിഎസ്എൽ എന്നിവയുമായി കെഎസ്യുഎം ധാരണപത്രങ്ങൾ ഒപ്പിട്ടു. വിവിധ സെഷനുകൾ, പ്രദർശനങ്ങൾ എന്നിവയും സമ്മേളനത്തിലുണ്ട്. കെഎസ്യുഎം സിഇഒ ജോൺ എം തോമസ് സ്വാഗതം പറഞ്ഞു.

ഗൂഗിളുമായി കൈകോർത്ത് കേരളം
കേരള സ്റ്റാർട്ടപ് മിഷനും ഗൂഗിളിന്റെ സ്റ്റാർട്ടപ് പരിപോഷണ വിഭാഗമായ ഗൂഗിൾ ഫോർ സ്റ്റാർട്ടപ്സുമായി ആഗോളതല സഹകരണത്തിന് ധാരണയായി. ഗൂഗിൾ ഫോർ സ്റ്റാർട്ടപ്പിന്റെ നിർദേശം, പരിശീലനം എന്നിവ ഇനി സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും. ഹഡിൽ ഗ്ലോബൽ ഉച്ചകോടിക്കിടെ ഗൂഗിൾ സ്റ്റാർട്ടപ് ആക്സിലറേറ്റർ ഇന്ത്യാ മേധാവി പോൾ രവീന്ദ്രനാഥാണ് സഹകരണം പ്രഖ്യാപിച്ചത്. 

സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് ലോകോത്തര സാങ്കേതിക മേഖലയിലേക്ക് കടക്കാൻ സഹകരണം സഹായിക്കുമെന്ന് സ്റ്റാർട്ടപ് മിഷൻ സിഇഒ ജോൺ എം തോമസ് പറഞ്ഞു.

Post a Comment

Previous Post Next Post