ഫാസ്‌ടാഗില്‍ പണമില്ല; ടോള്‍ പ്ലാസയില്‍ നിന്ന് വണ്‍വേ തെറ്റിച്ച്‌ കെഎസ്‌ആര്‍ടിസിയുടെ 'അപകടയാത്ര'; രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടു


തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ വണ്‍വേ തെറ്റിച്ച്‌ മൂന്ന് കിലോമീറ്ററിലധികം ദൂരം കെഎസ്‌ആർടിസി ബസ് പിന്നോട്ട് ഓടിച്ച സംഭവത്തില്‍ ജീവനക്കാർക്കെതിരെ കർശന നടപടി.ഗുരുതരമായ ട്രാഫിക് നിയമലംഘനം നടത്തിയ തിരുവനന്തപുരം നെയ്യാറ്റിൻകര ഡിപ്പോയിലെ താല്‍ക്കാലിക ജീവനക്കാരായ ഡ്രൈവർ എ. ഗോഡ്വിൻ രാജ്, കണ്ടക്ടർ വി.എസ്. ഷാ എന്നിവരെ സർവീസില്‍ നിന്ന് പിരിച്ചുവിട്ടു. കെഎസ്‌ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി.
സംഭവത്തെക്കുറിച്ച്‌ കെഎസ്‌ആർടിസി അധികൃതർ പറയുന്നത് ഇങ്ങനെ:
കഴിഞ്ഞ ജൂണ്‍ 4-നാണ് കെഎസ്‌ആർടിസി അധികൃതർക്ക് കടുത്ത നാണക്കേടുണ്ടാക്കിയ ഈ സംഭവം നടന്നത്. തൊണ്ടയാട് നിന്നും ദേശീയപാത ബൈപ്പാസിലേക്ക് പ്രവേശിച്ച ബസ് പന്തീരാങ്കാവ് ടോള്‍ പ്ലാസയിലെത്തിയപ്പോഴാണ് ഫാസ്‌ടാഗില്‍ (Fastag) ആവശ്യത്തിന് ബാലൻസ് ഇല്ലെന്ന കാര്യം ജീവനക്കാർ അറിയുന്നത്. ഇതോടെ ടോള്‍ നല്‍കാതെ ബസ് അവിടെനിന്നും പെട്ടെന്ന് തിരിക്കുകയായിരുന്നു.
ദേശീയപാതയിലെ പ്രധാന സ്പീഡ് ട്രാക്കിലൂടെയായിരുന്നു ബസിന്റെ ഈ 'അപകടയാത്ര'. എതിർദിശയില്‍ വന്ന മറ്റ് വാഹനങ്ങളിലെ യാത്രക്കാർ ശക്തമായി പ്രതികരിച്ചതോടെ ബസ് പിന്നീട് സ്ലോ ട്രാക്കിലേക്ക് മാറ്റി. തുടർന്ന് സമീപത്തെ എക്സിറ്റിലൂടെ സർവീസ് റോഡിലേക്ക് കടക്കാൻ ശ്രമിച്ചതോടെ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കുമുണ്ടായി.ദേശീയപാത അതോറിറ്റി ഈ ദൃശ്യങ്ങള്‍ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും കൈമാറിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും തുടർനടപടികളിലേക്ക് നീങ്ങിയതും. ഒടുവില്‍ വിജിലൻസ് അന്വേഷണത്തില്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കണ്ടെത്തുകയും ഇരുവരെയും ജോലിയില്‍ നിന്ന് നീക്കുകയുമായിരുന്നു.

Post a Comment

Previous Post Next Post