ഇരിട്ടി: മുന്‍വര്‍ഷങ്ങളിലൊന്നുമില്ലാത്തവിധം കര്‍ണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന ഭക്തജനങ്ങളുടെ ഒഴുക്ക് മൂലം കണ്ണൂര്‍ ജില്ലയെ കുടകുമായി ബന്ധിപ്പിക്കുന്ന മാക്കൂട്ടം ചുരം പാതയില്‍ വന്‍ ഗതാഗതക്കുരുക്ക്.
കഴിഞ്ഞ ശനി ഞായര്‍ ദിവസങ്ങളിലും തുടര്‍ന്ന് തിങ്കളാഴ്ചയും ഗതാഗത സ്തംഭനം തുടരുകയാണ്. ഇതിനിടയില്‍ കാലവര്‍ഷം ആരംഭിച്ചതോടെ പാതയില്‍ മരം വീഴുന്നതും ഗതാഗത തടസ്സത്തിന് ആക്കം കൂട്ടുകയാണ്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ റോഡിലേക്ക് മരം വീണതോടെ വാഹനങ്ങള്‍ പാതയില്‍ കുടുങ്ങിയത് മണിക്കൂറുകളോളം.
കര്‍ണ്ണാടകത്തില്‍ നിന്നും മുന്‍ കാലങ്ങളിലൊന്നും കാണാത്തവിധമുള്ള ഭക്തജനപ്രവാഹമാണ് വൈശാഖ മഹോത്സവത്തില്‍ പങ്കെടുക്കാനും പെരുമാളെ തൊഴാനുമായി കൊട്ടിയൂരിലേക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇടുങ്ങിയതും കുത്തനെയുള്ള ഇറക്കങ്ങളും, നിരവധി കൊടും വളവുകളുമുള്ള കുട്ട-മാനന്തവാടി-പാല്‍ച്ചുരം റോഡ് ഒഴിവാക്കി കര്‍ണ്ണാടകക്കാര്‍ വീരാജ്‌പേട്ട-മാക്കൂട്ടംചുരം-കൂട്ടുപുഴ-ഇരിട്ടി വഴി കൊട്ടിയൂരിലെത്തണമെന്ന് കൊട്ടിയൂര്‍ ദേവസ്വം അധികൃതരും പോലീസും അറിയിച്ചിരുന്നു.
ബ്രഹ്മഗിരി വന്യജീവി സങ്കേതവും കൊടും വനവുമടങ്ങുന്ന മാക്കൂട്ടം ചുരം പാതയും വലിയ വളവുകളും അപകടകരമായ കൊല്ലികളും നിറഞ്ഞതാണ്. എന്നാല്‍ രണ്ടു വാഹനങ്ങള്‍ക്ക് ഒരേസമയം ഇരു വശത്തേക്കും കടന്നുപോകാനുള്ള സൗകര്യം പാതയിലുണ്ടെങ്കിലും ഡ്രൈവര്‍മാരുടെ അശ്രദ്ധ വലിയ അപകടങ്ങളാണ് പലപ്പോഴും വിളിച്ചുവരുത്തുന്നത്. കൂടാതെ വൈദ്യുതീകരിക്കാത്ത പാതയില്‍ രാത്രികാലങ്ങളില്‍ കൂരിരുട്ടാണ്. കിലോമീറ്ററുകളോളം ദൂരം മൈബൈല്‍ കവറേജ് ഇല്ലാത്തതും അപകടങ്ങളുണ്ടാകുമ്പോള്‍ വിവരം പുറത്തെത്തിക്കാന്‍ കഴിയാതെ വരുന്നു. മഴക്കാലങ്ങളില്‍ ഏതുനേരവും മറിഞ്ഞു വീഴാന്‍ തക്കവണ്ണമുള്ള നിരവധി കൂറ്റന്‍ മരങ്ങളും പാതക്കിരുവശങ്ങളിലുമുണ്ട്.
Post a Comment