തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തില്‍ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്.
പുതുക്കിയ സമയക്രമം മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതല്‍ 10 മണി വരെയും വൈകിട്ട് 3 മുതല്‍ 5.30 വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സ്കൂള്‍, കോളേജ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നിയന്ത്രണം.
സ്കൂള്‍ സമയത്ത് ഗതാഗത കുരുക്ക് ഒഴിവാക്കുകയുമാണ് ലക്ഷ്യം. സ്കൂള്‍ പരിസരങ്ങളില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യാനോ വഴിയോര കച്ചവടങ്ങള്‍ക്കോ അനുവാദമില്ല. നിയമലംഘനം നടത്തിയാല്‍ വാഹനങ്ങള്‍ നീക്കം ചെയ്യുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
സ്കൂള്‍ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ്, പെർമിറ്റ് നിർബന്ധം. വാഹനങ്ങളില്‍ സഹായികള്‍ ഉണ്ടായിരിക്കണം. സ്കൂള്‍ ബസുകള്‍ സ്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ മാത്രം പാർക്ക് ചെയ്യണം.
വിദ്യാർത്ഥികളെ കയറ്റുന്നതിനും ഇറക്കുന്നതിനും ക്യൂ സംവിധാനം ഏർപ്പെടുത്തണം. സ്കൂള്‍ സോണുകളില്‍ വേഗത കുറച്ചു മാത്രം വാഹനങ്ങള്‍ ഓടിക്കണം. സ്കൂള്‍ സമയം അവസാനിക്കുന്നതിന് അരമണിക്കൂർ മുമ്പ് മാത്രമേ വാഹനങ്ങള്‍ സ്കൂളുകള്‍ക്ക് സമീപം എത്തിക്കാവൂവെന്നും നിർദേശമുണ്ട്.
Post a Comment