പച്ചക്കറികള്‍ക്ക് വിലയേറുന്നു; തേങ്ങയില്‍ ആശ്വാസമായപ്പോള്‍ കൈമ അരി കുതിക്കുന്നു, ഓണസീസണില്‍ വീണ്ടും കൂടാൻ സാധ്യത


കൈമ അരിക്ക് വില കുത്തനെ ഉയരുന്നതിനൊപ്പം പച്ചക്കറികള്‍ക്കും വിലയേറുന്നു. പ്രമുഖ കമ്ബനികളുടെ കൈമ അരി കിലോയ്ക്ക് 180 മുതല്‍ 190 വരെ ഉണ്ടായിരുന്നത് പുതിയ സ്റ്റോക്ക് ഇറക്കിയതോടെ 235 മുതല്‍ 250 രൂപ വരെ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.
പഴയ സ്റ്റോക്ക് കൈമ അരി ഉള്ളവര്‍ 200 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്. വെളിച്ചെണ്ണ വിപണിയില്‍ വിലയ്ക്ക് നേരിയ ആശ്വാസമുണ്ട്. കിലോയ്ക്ക് 450 രൂപ ഉണ്ടായിരുന്നത് 420 ആയി കുറഞ്ഞിട്ടുണ്ട്. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ വെളിച്ചെണ്ണയുടെ ഉപയോഗം കുറച്ചതാണ് വില നേരിയരീതിയില്‍ കുറയാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി നാളികേരത്തിനും വില കുറഞ്ഞിട്ടുണ്ട്. കിലോയ്ക്ക് 75 രൂപവരെ വില ഉയര്‍ന്ന നാളികേരം 60 രൂപയിലേക്കു താഴ്ന്നിട്ടുണ്ട്.
ഇതിനിടയിലാണ് പച്ചക്കറിക്ക് വിപണിയില്‍ പ്രതിദിനം വിലയേറുന്നത്. കാരറ്റ്, പയര്‍, മുളക് എന്നിവയ്ക്കാണ് പ്രധാനമായും വിലക്കയറ്റമുണ്ടായിരിക്കുന്നത്. കിലോയ്ക്ക് 40 മുതല്‍ 50 രൂപവരെ ഉണ്ടായിരുന്ന കാരറ്റ്, മുളക് എന്നിവ 80-ലേക്ക് ഉയര്‍ന്നു. 30 മുതല്‍ 40 വരെ ഉണ്ടായിരുന്ന പയറിനും 80 രൂപയായി ഉയര്‍ന്നു.

Post a Comment

Previous Post Next Post