"ഈ വെബ് സൈറ്റില്‍ നിങ്ങളുടെ ഫോട്ടോകളുണ്ട്' ; വ്യാജ സന്ദേശത്തില്‍ വീഴല്ലേയെന്ന് പോലീസ്

കൊച്ചി : കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു സബ് ഇന്‍സ്‌പെക്ടറുടെ ടെലഗ്രാം ഐഡിയില്‍ നിന്ന് യുവതിക്കൊരു മെസേജ് വന്നു.നിങ്ങളുടെ ഫോട്ടോകള്‍ ഈ വെബ്‌സൈറ്റിലുണ്ടെന്നായിരുന്നു സന്ദേശം.

പോലീസ് ഉദ്യോഗസ്ഥന്‍ അയച്ച സന്ദേശം ആയതിനാല്‍ അവര്‍ ആദ്യമൊന്നു പകച്ചു. എങ്കിലും ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച്‌ നല്ല ബോധ്യം ഉണ്ടായിരുന്നതിനാല്‍ വന്ന ലിങ്ക് അവര്‍ ഓപ്പണ്‍ ചെയ്തില്ല. പോലീസ് ഉദ്യോഗസ്ഥനെ ഇക്കാര്യം അറിയിച്ചപ്പോള്‍ അത് വ്യാജ സന്ദേശമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്ന ഒരു സംഘം സംസ്ഥാനം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൈബര്‍ പോലീസ് നല്‍കുന്ന വിവരം. അതിനാല്‍ തന്നെ ഇങ്ങനെ ലഭിക്കുന്ന ലിങ്കുകളിലൊന്നും ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഇതു ശ്രദ്ധിക്കാം

ഇത്തരം സന്ദേശം വന്നാല്‍ അറിയുന്ന ആളുകള്‍ ആയാലും അപരിചിതര്‍ ആയാലും ഭയപ്പെട്ട് അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. അതൊരു വന്‍ തട്ടിപ്പ് ആണ്.

നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളോ ചിലപ്പോള്‍ ഫോണ്‍ തന്നെയോ ഹാക്ക് ചെയ്യപ്പെട്ടേക്കാം. നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കൈകളിലാണ്. ജാഗ്രത പാലിക്കൂ, സംശയാസ്പദ ലിങ്കുകളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നു.

Post a Comment

Previous Post Next Post