കാലവര്‍ഷം ദുര്‍ബലമായി; അഞ്ചുദിവസത്തേക്ക് ഒരു ജില്ലകളിലും മുന്നറിയിപ്പില്ല


തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമായി. അടുത്ത അഞ്ചു ദിവസങ്ങളില്‍ കേരളത്തിലെവിടെയും കനത്ത മഴയ്ക്ക് സാധ്യതയില്ല.കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച്‌ ഒരു ജില്ലകളിലും ജാഗ്രതാ നിർദേശങ്ങളുമില്ല.

അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നുമുതല്‍ വ്യാഴാഴ്ച വരെ തെക്കൻ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഇന്ന് മധ്യപടിഞ്ഞാറൻ അറബിക്കടല്‍, തെക്ക് പടിഞ്ഞാറൻ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങള്‍, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം തെക്കുപടിഞ്ഞാറൻ കാലവർഷം രണ്ട് മാസം പിന്നിടുന്പോള്‍ സംസ്ഥാനത്ത് 14 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ വരെ 1462.5 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 1263 മില്ലിമീറ്ററാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഇതിനോടകം ഭൂരിഭാഗം ജില്ലകളിലും ശരാശരിക്കടുത്ത് മഴ ലഭിച്ചെങ്കിലും വയനാട്ടിലും ഇടുക്കിയിലും മഴക്കുറവ് രൂക്ഷമായി തുടരുകയാണ്. വയനാട് ജില്ലയില്‍ 42 ശതമാനവും ഇടുക്കി ജില്ലയില്‍ 33 ശതമാനവും മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

മലപ്പുറത്ത് 24 ശതമാനവും കോഴിക്കോട്ട് 20 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തിയപ്പോള്‍ കോട്ടയത്ത് മഴക്കുറവ് 12 ശതമാനമാണ്. കണ്ണൂരില്‍ 10 ശതമാനവും പത്തനംതിട്ടയില്‍ എട്ട് ശതമാനവും അധികമഴ പെയ്തതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Post a Comment

Previous Post Next Post