ഇനി "അമ്മ'യെ വനിതകള്‍ നയിക്കും; ശ്വേത മേനോൻ പ്രസിഡന്‍റ്, കുക്കു പരമേശ്വരൻ സെക്രട്ടറി

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റായി നടി ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും സജീവമായ തെരഞ്ഞെടുപ്പില്‍ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത വിജയം നേടിയത്.
ഇതോടെ അമ്മയുടെ പ്രസിഡന്‍റാകുന്ന ആദ്യ വനിതയായി ശ്വേത മേനോൻ മാറി.
കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും ഉണ്ണി ശിവപാല്‍ ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു. ജയൻ ചേർത്തലയും ലക്ഷ്മിപ്രിയയുമാണ് വൈസ് പ്രസിഡന്‍റുമാർ.
233 വനിതാ അംഗങ്ങള്‍ ഉള്‍പ്പടെ സംഘടനയിലെ 507 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മോഹൻലാല്‍, സുരേഷ് ഗോപി, ടൊവീനോ, ശ്വേത തുടങ്ങിയവരെല്ലാം രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി.ദേവനും ശ്വേത മേനോനുമാണ് അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചത്. രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിച്ചു.
വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലും അനൂപ് ചന്ദ്രനുമാണ് മത്സരിച്ചത്.
സ്ത്രീകള്‍ക്ക് നാല് സീറ്റ് സംവരണമുള്ള എക്സിക്യൂട്ടീവില്‍ അഞ്ജലി നായർ, ആഷ അരവിന്ദ്, നീന കുറുപ്പ്, സജിത ബേട്ടി, സരയു മോഹൻ എന്നിവരാണ് മത്സരിക്കുന്നത്. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post