കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കര്‍മ പദ്ധതി; സംസ്ഥാനത്ത് 'സുരക്ഷാ മിത്രം' പദ്ധതിയ്ക്ക് തുടക്കം


തിരുവനന്തപുരം : സംസ്ഥാനത്ത് 'സുരക്ഷാ മിത്രം' പദ്ധതിയ്ക്ക് തുടക്കം കുറിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.വീട്ടിലും സ്കൂളിലും കുട്ടികള്‍ നേരിടുന്ന അതിക്രമം ഒഴിവാക്കാനാണ് പ്രത്യേക കർമ്മ പദ്ധതിയ്ക്ക് രൂപം നല്‍കിയത്. കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്താനും തടയാനുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും. ഹെല്‍പ്പ് ബോക്സ് ഇതിനായി സ്കൂളുകളില്‍ സ്ഥാപിക്കും. പ്രധാന അധ്യാപികയുടെ നിയന്ത്രണത്തിലാകും സ്കൂളുകളില്‍ ഹെല്‍പ് ബോക്സ് സ്ഥാപിക്കുകയെന്ന് മന്ത്രി പറഞ്ഞു. എല്ലാ ആഴ്ചയും ഇത് പരിശോധിക്കും. ജില്ലാ അടിസ്ഥാനത്തില്‍ കൗണ്‍സിലർമാരുടെ യോഗം വിളിച്ച്‌ ചേർക്കും. വിദ്യാഭ്യാസമന്ത്രിയും,പൊതു വിദ്യാഭ്യാസ ഡയറക്ടറും ഈ യോഗത്തില്‍ പങ്കെടുക്കും.
കുട്ടികള്‍ പറയുന്ന പ്രശ്നങ്ങള്‍ രഹസ്യമായി ചില അധ്യാപകർ വെക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇനി അത്തരം സംഭവം ഉണ്ടായാല്‍ കർശന നടപടിയെടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. അധ്യാപകർക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും രക്ഷിതാക്കള്‍ക്ക് പ്രത്യേക ക്ലിനിക്കല്‍ ക്ലാസ് നല്‍കുമെന്നും മന്ത്രി അറിയിച്ചു. 80000 അധ്യാപകർക്ക് ഫീല്‍ഡ് തല പരിശീലനം. അധ്യാപക പരിശീലനത്തില്‍ കൗണ്‍സിലിംഗിന് പ്രാധാന്യം നല്‍കും. കുട്ടിയുടെ സംരക്ഷണമാണ് സർക്കാരിന് പ്രാധാന്യം. ടീച്ചറിൻ്റെ ജോലി പഠിപ്പിക്കല്‍ മാത്രം അല്ല. അങ്ങനെ ആരും കരുതേണ്ട. കുട്ടിയുടെ അവസ്ഥ കൂടി മനസിലാക്കണമെന്ന് മന്ത്രി നിർദേശിച്ചു.

Post a Comment

Previous Post Next Post