ഡല്‍ഹി: മിനിമം ബാലൻസ് പരിധി കുത്തനെ ഉയര്‍ത്തി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്.
ഈ മാസം ആദ്യം മുതല്‍ സേവിംഗ്‌സ് അക്കൗണ്ട് തുറന്ന ഉപഭോക്താക്കള്‍ക്ക് മെട്രോ, നഗര പ്രദേശങ്ങളില്‍ 50,000 രൂപയും അർധ നഗര പ്രദേശങ്ങളില്‍ 25,000 രൂപയും ഗ്രാമീണ മേഖലകളില്‍ 10,000 രൂപയും മിനിമം ശരാശരി ബാലൻസ് നിർബന്ധമാക്കി. ബാങ്കിൻ്റെ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് വന്നിരിക്കുന്നത്.മിനിമം ബാലൻസിന് താഴെപ്പോയാല്‍ ബാങ്ക് പിഴ ഈടാക്കും. ഐസിഐസിഐ ബാങ്കില്‍ ആവശ്യമായ മിനിമം ബാലന്‍സില്‍ കുറവുള്ള തുകയുടെ ആറു ശതമാനമോ 500 രൂപയോ ഏതാണോ കുറവ് അത് പിഴയായി ഈടാക്കുമെന്ന് ബാങ്ക് അറിയിച്ചു.
പണമിടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജും ബാങ്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ബാങ്ക് വഴിയോ ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴിയോയുള്ള മൂന്ന് ഇടപാടിന് ശേഷം 150 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. പണം പിന്‍വലിക്കലിനും ഇതേ നിരക്ക് ബാധകമാണ്. നോണ്‍ ബാങ്ക് സമയങ്ങളിലോ അവധി ദിവസത്തിലോ ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ ഉപയോഗിച്ച് പണം നിക്ഷേപിക്കുന്നവര്‍ മാസത്തില്‍ 10,000 രൂപ കടന്നാല്‍ ഓരോ ഇടപാടിനും 50 രൂപ ഫീസ് നല്‍കണം.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2020 മുതല്‍ സേവിങ്‌സ് അക്കൗണ്ടിലെ മിനിമംബാലന്‍സ് നിബന്ധന പിന്‍വലിച്ചിരുന്നു. അതേസമയം സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന കനറാ ബാങ്ക്, പഞ്ചാബ്, ബാങ്ക് ഓഫ് ബറോഡ്, ഇന്ത്യൻ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ ഒഴിവാക്കിയിരുന്നു.
Post a Comment