നാല് ഏക്കര്‍ സ്ഥലത്ത് 27000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അത്യാഡംബര വീട്; ഇടുക്കിയിലെ ഏറ്റവും വലിയ വീട് ജപ്തിയിലേക്ക്


കട്ടപ്പന: 27000 ചതുരശ്ര അടി വിസ്തീർണമുള്ള ഇടുക്കിയിലെ ഏറ്റവും വലിയ വീട് ജപ്തി ചെയ്യാൻ ദേവികുളം കോടതിയുടെ ഉത്തരവ്.കട്ടപ്പന സ്വദേശി വാലുമ്മല്‍ ബിനോയ് വർഗീസിന്റെ നാല് ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീടും സ്ഥലവും ആണ് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ അത്യാഡംബര വീടിന്റെ നിർമണവേളയിലും പിന്നീടും വീട് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
കല്ലാർവാടി എസ്റ്റേറ്റില്‍ നടന്ന ആക്രമണ സംഭവത്തിന്റെ കോടതി നടപടികളുടെ ഭാഗമായിട്ടാണ് ജപ്തി. 2021ല്‍ 'എസ്.എസ്.പി.ടി.എല്‍ റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ്' എന്ന 288 ഏക്കർ കല്ലാർവാടി എസ്റ്റേറ്റ് ബിനോയ് വർഗീസ് പാട്ടത്തിന് എടുത്തിരുന്നു. എന്നാല്‍, പാട്ടത്തിനു നല്‍കാത്ത 14.5 ഏക്കറും എസ്റ്റേറ്റ് ബംഗ്ലാവും ബിനോയ് കയ്യേറി എന്നാണ് പരാതി.
ഇതുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ച ചെയ്യാനായി എത്തിയവർ ആക്രമിക്കപ്പെട്ടിരുന്നു. ഈ കേസില്‍ ബിനോയ് എട്ടാം പ്രതിയാണ്. പരിക്കേറ്റവർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹർജിയില്‍ ആണ് കോടതി നടപടി. എന്നാല്‍, കോടതിയുടെ അന്തിമവിധിയുടെ അടിസ്ഥാനത്തിലായിരിക്കും ജപ്തി നടപടികള്‍.
ഏഴു വർഷം എടുത്താണ് വീടു നിർമാണം പൂർത്തീകരിച്ചത്. പണി കഴിഞ്ഞ ഉടൻ കുന്നിന്റെ മുകളിലുള്ള വീടു കാണാൻ സമീപത്തെ റോഡില്‍ ആളുകള്‍ തടിച്ചുകൂടുന്നതുമൂലം ഗതാഗതക്കുരുക്ക് പതിവായിരുന്നു.

Post a Comment

Previous Post Next Post