പണം ദിവ്യ ഉണ്ണിക്കും സുഹൃത്ത് പൂര്‍ണിമയ്ക്കും സിജോയ് വര്‍ഗീസിനും വീതിച്ചു നല്‍കി; നൃത്തപരിപാടിയിലെ സാമ്ബത്തിക തട്ടിപ്പില്‍ നിഗോഷിൻ്റെ മൊഴി


കലൂർ സ്റ്റേഡിയിത്തില്‍ നടന്ന നൃത്തപരിപാടിയിലെ സാമ്ബത്തിക തട്ടിപ്പില്‍, എം ഡി നിഗോഷ് കുമാറിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്.

പരിപാടിക്കായി ലഭിച്ച പണം പലർക്കായി വീതിച്ച്‌ നല്‍കിയെന്നും. ലഭിച്ച 4 കോടിയോളം രൂപയില്‍ തുച്ഛമായ തുക മാത്രമാണ് തൻ്റെ പക്കലുള്ളതെന്നും നിഗോഷ് പറഞ്ഞു. ദിവ്യ ഉണ്ണിക്കും പൂർണിമയ്ക്കും സിജോയ് വർഗീസിനും വിഹിതം നല്‍കി. GCDA യുടെ സ്റ്റേഡിയം തരപ്പെടുത്തി തന്ന കൃഷ്ണകുമാറും നല്ലൊരു തുക കമ്മീഷനായി കൈപ്പറ്റിയെന്നും നിഗോഷ് കുമാർ പൊലീസില്‍ മൊഴിനല്‍കി. 

ഇന്നലെ അറസ്റ്റിലായ മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. അതേസമയം അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ഇന്നലെ ഡോക്ടർമാർ അറിയിച്ചു. എക്സ്- റേയില്‍ നീർക്കെട്ട് കണ്ടതായും ഡോക്ടർമാർ പറഞ്ഞു. ഉമ തോമസ് നാളെ കൂടി വെൻ്റിലേറ്ററില്‍ തുടരും.

ഡിസംബർ 29ന് കലൂർ ഇൻ്റർനാഷണല്‍ സ്റ്റേഡിയത്തില്‍ വച്ച്‌ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച്‌ വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്ബ് കമ്ബിയും വന്ന് പതിക്കുകയായിരുന്നു.

Post a Comment

Previous Post Next Post