കാക്കയങ്ങാട് പിടികൂടിയ പുലിയെ ബ്രഹ്മഗിരി വനത്തില്‍ വിട്ടു

ഇരിട്ടി: കാക്കയങ്ങാട് ടൗണിനു സമീപത്ത് കമ്ബിക്കുള്ളില്‍ കുടുങ്ങി മയക്കുവെടിവച്ച്‌ കൂട്ടിലടച്ച പുലിയെ‌ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാല്‍ തിങ്കളാഴ്ച രാത്രിയോടെ വനത്തില്‍ തുറന്നുവിട്ടു.
ശരീരത്തില്‍ കമ്ബി കുടുങ്ങിയതിനെത്തുടർന്ന് നാല് പരിക്കുകളുണ്ടെങ്കിലും സാരമുള്ളതല്ലെന്നാണ് പുലിയ പരിശോധിച്ച വെറ്ററിനറി ഡോക്ടർമാർ പറഞ്ഞത്. പിടുകൂടിയ പുലിയെ ആറളം ഫാം ബ്ലോക്ക് 13 ലെ ആർആർടി ഓഫീസിലായിരുന്ന നിരീക്ഷണത്തില്‍ നിർത്തിയത്. 

കർണാടക വനമേഖലായ ബ്രഹ്മഗിരി മേഖലയിലാണ് പുലിയെ തുറന്നുവിട്ടത്. മയക്കുവെടി വച്ച്‌ കൂട്ടിലാക്കിയപ്പോഴും പുലി പൂർണമായും മയങ്ങിയിരുന്നില്ല, പാതി മയക്കത്തിലും അക്രമോത്സുകത പ്രകടിപ്പിച്ചിരുന്ന പുലി മയക്കം പൂർണമായും വിട്ടു മാറിയതോടെ കൂട്ടിനുള്ളില്‍ പുപ്പുലിയായി മാറുകയായിരുന്നു. ആളുകളെ കാണുമ്ബോള്‍ കൂടുതല്‍ അക്രമാസക്തനായി കമ്ബിവലകള്‍ കടിച്ചുപൊട്ടിക്കാൻ പോലും ശ്രമിക്കുകയുണ്ടായി.

കാക്കയങ്ങാട് ടൗണിനോടു ചേർന്നു ജനവാസ മേഖലയില്‍ പുലിയിറങ്ങിയതു ജനങ്ങള്‍ വളരെ ആശങ്കയോടെയാണു കാണുന്നത്. പുലിക്കു മുന്നില്‍ നിന്നു സ്ഥലമുടമ പ്രകാശൻ രക്ഷപ്പെട്ടത് വളർത്തു നായ ബ്ലാക്കിയുടെ ഇടപെടല്‍കൊണ്ടു മാത്രമാണ്. 

നായ പരിസരം നിരീക്ഷിച്ച്‌ കുരച്ച്‌ ബഹളംവച്ചതു കൊണ്ടു മാത്രമാണ് താൻ പുലിയുടെ മുന്നില്‍നിന്ന് രക്ഷപ്പെട്ടതെന്നാണ് ഇപ്പോഴും ഞെട്ടല്‍ മാറാതെ പ്രകാശൻ പറയുന്നത്. പറന്പിലെ മരകുറ്റിയില്‍ കുരുങ്ങാതെ പുലി ടൗണിലേക്ക് എത്തിയിരുന്നങ്കിലുള്ള ഭീകരാവസ്ഥ ചിന്തിക്കാനാകുന്നതിലും അപ്പുറമാകുമായിരുന്നു. 

കുറ്റിയില്‍ കുടുങ്ങി കിടന്നതുകൊണ്ടുമാത്രമാണു പുലിയെ എളുപ്പത്തില്‍ മയക്കുവെടി വച്ച്‌ പിടികൂടാനായതും. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post