ഇന്ത്യയിലും എം പോക്‌സ്; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

ഇന്ത്യയിൽ എം പോക്‌സ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം. രോഗബാധ സംശയിച്ച യുവാവിന്റെ പരിശോധനാ ഫലം പോസിറ്റീവ് ആയി. മങ്കിപോക്സ് വ്യാപനം സ്ഥിരീകരിച്ചിട്ടുള്ള രാജ്യത്ത് നിന്നാണ് ‍ഡൽഹി സ്വദേശി ഇന്ത്യയിലെത്തിയത്. ലക്ഷണങ്ങൾ കാണിച്ചതോടെ ഇയാളെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ തുടർന്ന് നടന്ന പരിശോധനയിലാണ് യുവാവിന്റെ ഫലം പോസിറ്റീവ് ആയത്. സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

എന്താണ് എം പോക്‌സ്?
നേരത്തേ മങ്കി പോക്‌സ് എന്ന് വിളിച്ചിരുന്ന എം പോക്‌സ് ഒരു മൃഗജന്യ രോഗമാണ്. അതായത് മൃഗങ്ങളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകര്‍ന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മഹാമാരിയായി പടര്‍ന്ന വസൂരിയുടെ കുടുംബത്തിലുള്ള ഒരു ഓര്‍ത്തോപോക്‌സ് വൈറസാണ് എം പോക്‌സിന് കാരണമാകുന്നത്. വസൂരി രോഗത്തിന് സമാനമായ ലക്ഷണങ്ങളാണ് രോഗികള്‍ പ്രകടിപ്പിക്കുക. മനുഷ്യരില്‍ ഈ രോഗം 1970ലാണ് ആദ്യമായി കണ്ടെത്തിയത്.

എം പോക്‌സ് അപകടകാരിയാണോ?
10 മുതല്‍ 20 ദിവസങ്ങള്‍ക്കകം രോഗം ഭേദമാകാറുണ്ട്. എന്നാല്‍ കുട്ടികളിലും ഗര്‍ഭിണികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും ചില ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതു മൂലം ഉണ്ടാകാനിടയുണ്ട്. ത്വക്കിലുണ്ടാകുന്ന അണുബാധ, കാഴ്ചാ പ്രശ്‌നങ്ങള്‍ തുടങ്ങി മസ്തിഷ്‌കത്തിലെ അണുബാധയും ന്യുമോണിയയും വരെ അനുബന്ധമായി ഉണ്ടായേക്കാം. ആദ്യ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ചികിത്സ തേടിയില്ലെങ്കില്‍ മരണത്തിനു വരെ കാരണമായേക്കാം.

Post a Comment

Previous Post Next Post