കൊച്ചി: തൃപ്പൂണിത്തുറയിൽ പടക്കവിൽപ്പനശാലയിൽ ഉഗ്രസ്ഫോടനം. തൃപ്പൂണിത്തുറ ചൂരക്കാടാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് സൂചന. പ്രദേശത്തുനിന്ന് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഉഗ്രസ്ഫോടനത്തിൽ സമീപത്തെ വീടുകൾക്ക് കേടുപാടുണ്ടായിട്ടുണ്ട്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘവും പൊലീസും ഇവിടെ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ തീയണയ്ക്കാനായിട്ടില്ല.
11 മണിയോടെയാണ് സ്ഫോടനമുണ്ടായത്. തിരക്കുള്ള സ്ഥലത്താണ് പടക്കക്കടയെന്നതിനാൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നും അപകടത്തിന്റെ വ്യാപ്തി കൂടിയേക്കാമെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. അപകടത്തിൽ പരിക്കേറ്റ രണ്ടുപേർ കടയിലെ ജീവനക്കാരാണോ അതോ പുറത്തുനിന്ന് പടക്കം വാങ്ങാനെത്തിയവരാണോ എന്ന് വ്യക്തമല്ല. പടക്കം കൊണ്ടുവരുന്നതിനിടെ വാഹനത്തിൽ നിന്ന് പൊട്ടിത്തെറിയുണ്ടായി പടക്കക്കടയിലേക്ക് വ്യാപിച്ചതാണോ എന്ന സംശയവും പുറത്തുവരുന്നുണ്ട്.
അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. എത്ര പേർക്ക് പരുക്കേറ്റുവെന്ന വിവരം ലഭ്യമായിട്ടില്ല. ഇരുവരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 300 മീറ്റർ അപ്പുറത്തേക്ക് അവശിഷ്ടങ്ങൾ തെറിച്ചു വീണുവെന്നാണ് സമീപ വാസികൾ പറയുന്നത്.
Post a Comment