കെട്ടിടത്തിലേക്ക് ട്രക്ക് ഇടിച്ചു കയറി; ഡ്രൈവർക്ക് പരിക്ക്



മുഴപ്പിലങ്ങാട് | കണ്ണൂർ-തലശ്ശേരി ദേശീയ പാതയിൽ മുഴപ്പിലങ്ങാട് യൂത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ മൂന്ന് നില കെട്ടിടത്തിലേക്ക് ട്രക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശി മണികണ്ഠൻ (48) ആണ് പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ ആണ് അപകടം.


തമിഴ്നാട്ടിൽ നിന്നും സിമന്റ് മിശ്രിതവുമായി മംഗലാപുരത്തേക്ക് പോവുക ആയിരുന്ന ടാങ്കർ ട്രക്കാണ് അപകടത്തിൽ പെട്ടത്. കണ്ണൂരിൽ നിന്നും വരുമ്പോൾ മുഴപ്പിലങ്ങാട്- മാഹി ബൈപ്പാസ് ആരംഭിക്കുന്നിടത്ത് വലത് ഭാഗത്തെ സർവ്വീസ് റോഡിനോട് ചേർന്ന് പാചക തൊഴിലാളി യൂനിയൻ ധർമ്മടം മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ മൂന്ന് നില കെട്ടിടത്തിലേക്ക് ആണ് ട്രക്ക് ഇടിച്ചു കയറിയത്.


കെട്ടിടത്തിന്റെ മുകളിലത്തെ രണ്ടു നിലകളിലായി ആളുകൾ താമസിക്കുന്നുണ്ട്. ഇടിയുടെ ആഘാതത്തിൽ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.

Post a Comment

Previous Post Next Post