തിരുവനന്തപുരം: ജൂണ്‍ ഒന്നിനു പ്രവേശനോത്സവത്തോടെ സ്‌കൂള്‍ തുറക്കുമെന്നും പുതിയ അധ്യായന വര്‍ഷത്തില്‍ അക്കാഡമിക നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ പദ്ധതികള്‍ ഓരോ സ്‌കൂളിന്‍റെയും സാഹചര്യമനുസരിച്ച് നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.
ജൂണ്‍ ആറിനകം സ്‌കൂള്‍ തല വാര്‍ഷിക പദ്ധതി തയാറാക്കും. ഇതിന്‍റെ ഭാഗമായി കലാ മേളകള്‍, കായിക മേളകള്‍, ശാസ്ത്രമേളകള്‍ മുന്‍കൂട്ടി തീരുമാനിക്കും. സ്‌കൂള്‍ കെട്ടിടങ്ങളുടെ മെയിന്‍റനന്‍സിനും പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിനും തുക അനുവദിച്ചിട്ടുണ്ടെന്നും സ്‌കൂളുകളില്‍ പിടിഎയുടെ സഹായത്തോടെ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും കിണറുകളും ടാങ്കുകളും ശുദ്ധീകരിക്കുന്നതിനും ഉള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളിലെ കിണറുകളിലെ കുടിവെള്ളം പരിശോധിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ ലാബുകളെ പ്രയോജനപ്പെടുത്തും. ശുചിത്വത്തിന് ഊന്നല്‍ നല്‍കുന്ന ഗ്രീന്‍ ക്യാമ്ബസ് ക്ലീന്‍ ക്യാമ്ബസ് 2023 ജൂണ്‍ അഞ്ചിന് ഉദ്ഘാടനം ചെയ്യും.
സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂളും, പരിസരവും വൃത്തിയാക്കണമെന്നും ഇഴ ജന്തുക്കള്‍ കടക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.
കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റുജല സ്രോതസുകള്‍ അണു വിമുക്തമാക്കും. ഉച്ചഭക്ഷണ പദ്ധതിയും സ്‌കൂള്‍ നടത്തിപ്പും ബന്ധപ്പെട്ട് പിടിഎ പ്രസിഡന്‍റുമാരുടെ യോഗം മന്ത്രിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ ജില്ലാതലത്തില്‍ വിളിച്ച് കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
Post a Comment