ജിയോ സിനിമ പ്രീമിയം പ്ലാൻ ഇന്ത്യയിൽ അവതരിപ്പിച്ചു; എച്ച്ബിഒ ഉള്ളടക്കങ്ങൾ കാണാം



ജിയോ സിനിമ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ചു. ഇപ്പോൾ ലഭിക്കുന്നതിനേക്കാളേറെ ഉള്ളടക്കങ്ങൾ ആസ്വദിക്കാൻ ഇതുവഴി ഉപഭോക്താക്കൾക്ക് സാധിക്കും. ഫിഫ വേൾഡ് കപ്പ് , ഐപിഎൽ 2023 എന്നിവയിലൂടെ വലിയ ജനപ്രീതിയാർജിക്കാൻ സാധിച്ച സ്ട്രീമിങ് സേവനമാണ് ജിയോ സിനിമ. കഴിഞ്ഞ ദിവസമാണ് 'വിക്രം വേദ' റിലീസ് ചെയ്തത്.


റിലയൻസിന്റെ വിയാകോമും വാർണർ ബ്രദേഴ്സ് ഡിസ്കവറിയും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ എച്ച്ബിഒ, വാർണർ ബ്രദേഴ്സ് എന്നിവയുടെ ബാനറിൽ വരുന്ന ചിത്രങ്ങളും സീരീസുകളുമെല്ലാം ജിയോ സിനിമിയൽ ലഭ്യമാകുമെന്ന് കഴിഞ്ഞ മാസം റിലയൻസ് പ്രഖ്യാപിച്ചിരുന്നു. ഐ.പി.എലിന് പിന്നാലെ പുതിയ സബ്സ്ക്രിപ്ഷൻ പ്ലാൻ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

പുതിയ പ്ലാനിലൂടെ എച്ച്ബിഒ പോലുള്ള സ്റ്റുഡിയോകളുടെ ആഗോള ജനപ്രീതിയാർജ്ജിച്ച ഉള്ളടക്കങ്ങൾ ആസ്വദിക്കാൻ ജിയോ സിനിമ ഉപഭോക്താക്കൾക്ക് സാധിക്കും. ദി ലാസ്റ്റ് ഓഫ് അസ്, ഹൗസ് ഓഫ് ഡ്രാഗണൻ, സക്സഷൻ പോലുള്ള സീരീസുകൾ അതിൽ ചിലതാണ്. വരുംമാസങ്ങളിൽ കൂടുതൽ ഉള്ളടക്കങ്ങൾ ലൈബ്രറിയിൽ ഉൾപ്പെടുത്തുമെന്നാണ് ജിയോ സിനിമയുടെ പ്രഖ്യാപനം. 

999 രൂപയാണ് ജിയോ സിനിമയുടെ സബ്സ്ക്രിപ്ഷൻ പ്ലാനിന്റെ നിരക്ക്. ഒരു വർഷത്തെ ഏക പ്ലാൻ മാത്രമാണ് ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ളത്. ഉയർന്ന ഗുണമേന്മയിലുള്ള വീഡിയോ, ഓഡിയോ, ഒരേ സമയം നാല് ഉപകരണങ്ങളിൽ ഉപയോഗിക്കാനുള്ള സൗകര്യം ഉൾപ്പടെ ജിയോ സബ്സ്ക്രിപ്ഷൻ പ്ലാനിൽ വാഗ്ദാനം ചെയ്യുന്നു.

Post a Comment

Previous Post Next Post