ബെംഗളൂരു-മൈസൂരു 10 വരി പാത: 11ന് മോദി ഉദ്ഘാടനം ചെയ്യും; കാത്തിരിപ്പിൽ മലയാളികൾ



ബെംഗളൂരു : കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടുമാസം മാത്രം ബാക്കിനില്‍ക്കെ ബെംഗളൂരു–മൈസൂരു 10 വരി ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മാണം അവസാനഘട്ടത്തില്‍. സംസ്ഥാനത്തെ ഏറ്റവും വലിയ വികസന പദ്ധതിയായി ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്ന പാതയുടെ ഉദ്ഘാടനം അടുത്ത 11നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. റോഡ് തുറക്കുന്നതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതു മലയാളികളാണ്.


മലബാറിൽ നിന്നുളള ആളുകൾക്ക് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്ന റോഡാണ് ബെംഗളൂരു–മൈസൂരു 10 വരി ദേശീയപാത. 117 കിലോമീറ്റർ ദൂരമുളള ഈ റോഡ് 50,000 കോടി രൂപ മുടക്കിയാണ് വികസിപ്പിച്ചിരിക്കുന്നത്. 6 വരി പ്രധാന ഹൈവേയും രണ്ടു വശങ്ങളിലുമായി രണ്ടു വരി സർവീസ് റോഡുകളുമാണ് നിർമിച്ചിരിക്കുന്നത്. നിലവിൽ ബെംഗളൂരുവിൽനിന്ന് മൈസൂരിലേക്ക് 3 മുതൽ 4 മണിക്കൂർ യാത്രാസമയം വേണ്ടുന്നിടത്ത് പുതിയ പാതയിൽ ഒരു മണിക്കൂർ പത്ത് മിനിറ്റു സമയമായി കുറയ്ക്കാൻ സാധിക്കും.

നാലു സ്ഥലങ്ങളിൽ ടോൾ ബൂത്ത് ഉണ്ട്. മൈസൂരിൽ ജോലി ചെയ്യുന്ന മലപ്പുറം, വയനാട് ജില്ലക്കാർക്ക് വെളളിയാഴ്ച വൈകിട്ട് ഓഫിസിൽനിന്ന് ഇറങ്ങി 10 മണിയോടെ വീട്ടിൽ എത്തിച്ചേരാം. മലബാറിന്റെ വികസനത്തിലേക്കു കൂടിയുളള ഒരു വാതിലാണ് ഈ റോഡ്. കൊല്ലങ്കോട്– കോഴിക്കോട് ദേശീയപാതയിലേക്ക് വളരെ വേഗം എത്തിച്ചേരാൻ കഴിയുന്ന ഹൈവേയാണിത്.



Post a Comment

Previous Post Next Post