ഇസ്രായേലില്‍ മുങ്ങിയ ബിജു കുര്യന്‍ തിരിച്ചെത്തി: 'പുണ്യ സ്ഥല സന്ദര്‍ശനമായിരുന്നു ലക്ഷ്യം, മാപ്പ് പറയുന്നു



കോഴിക്കോട്: ഇസ്രായേലില്‍ കൃഷിരീതി പഠിക്കുന്നതിനായി പോയ സംഘത്തില്‍നിന്ന് മുങ്ങിയ ബിജു കുര്യന്‍ നാട്ടില്‍ തിരിച്ചെത്തി.

പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യമെന്നും സംഭവത്തില്‍ സര്‍ക്കാരിനോടും സംഘാംഗങ്ങളോടും മാപ്പ് പറയുന്നുവെന്നും ബിജു കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. 


ജറുസലേമും ബത്‌ലഹേമും സന്ദര്‍ശിക്കാനാണ് താന്‍ പോയത്. സഹോദരനാണ് തിരിച്ചുവരാനുള്ള സൗകര്യമൊരുക്കിയത്. ഇസ്രായേലിലെ ഒരു ഏജന്‍സിയും തന്നെ അന്വേഷിച്ചുവന്നിട്ടില്ലെന്നും ബിജു കുര്യന്‍ പറഞ്ഞു. 


വിസാ കാലാവധിയുള്ളതിനാല്‍ നിയമപരമായി ഇസ്രായേലില്‍ തുടരുന്നതിന് ബിജു കുര്യന് തടസമുണ്ടായിരുന്നില്ല. എന്നാല്‍ നയതന്ത്ര തലത്തിലുള്ള ഇടപെടലാണ് ബിജു കുര്യന് തിരിച്ചടിയായത്.


ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ അയച്ച സംഘത്തില്‍നിന്ന് ഒരാള്‍ അപ്രത്യക്ഷനായത് നാണക്കേടായതോടെ ഏതുവിധേനയും ഇയാളെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍നിന്നുള്ള കര്‍ഷക സംഘത്തോടൊപ്പം ഇസ്രായേലി‍ലെത്തിയ ബിജുവിനെ ഫെബ്രുവരി 17ന് രാത്രിയാണ് കാണാതായത്. 


സംഘത്തിലുണ്ടായിരുന്ന കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി. അശോക് അപ്പോള്‍തന്നെ ഇന്ത്യന്‍ എംബസിയെ വിവരം അറിയിക്കുകയും ഇസ്രായേല്‍ അധികൃതര്‍ തിരച്ചില്‍ നടത്തുകയും ചെയ്തു. ഇതിനിടെ താന്‍ ഇസ്രായേലില്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും വ്യക്തമാക്കി ബിജു കുടുംബാംഗങ്ങള്‍ക്ക് വാട്സ്‌ആപില്‍ മെസേജ് അയച്ചിരുന്നു. 


ബിജു ഒഴികെയുള്ള സംഘം 20ന് പുലര്‍ച്ച നെടുമ്ബാശ്ശേരിയില്‍ മടങ്ങിയെത്തിയിരുന്നു. ഫെബ്രുവരി 12നാണ് സ്ത്രീകള്‍ ഉള്‍പ്പെട്ട 27 അംഗ സംഘം കൊച്ചിയില്‍നിന്ന് ഇസ്രായേലിലേക്ക് യാത്രതിരിച്ചത്.

Post a Comment

Previous Post Next Post