കോളജുകളിലേക്കുള്ള ചോദ്യ പേപ്പറുകള്‍ ഇനി ഇ-മെയിലിലൂടെ നല്‍കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല


കണ്ണൂര്‍:കോളജുകളിലേക്ക് പരീക്ഷ ചോദ്യ പേപ്പറുകള്‍ ഇ-മെയില്‍ വഴി നല്‍കുമെന്ന തീരുമാനവുമായി കണ്ണൂര്‍ സര്‍വകലാശാല.
പിജി, യുജി, ബിഎഡ് പരീക്ഷകള്‍ക്കുള്ള ചോദ്യ പേപ്പറാുകളാണ് ഇമെയില്‍ വഴി അയക്കുക. എന്നാല്‍ പരീക്ഷകളെ അട്ടിമറിക്കാന്‍ വഴിയൊരുക്കുന്നതാണ് സര്‍വകലാശാലയുടെ പുതിയ തീരുമാനമെന്ന് അധ്യാപക സംഘടനയായ കെപിസിടിഎ (കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍) ആരോപിച്ചു.

കോളജിന്റെയോ പ്രിന്‍സിപ്പലിന്റെയോ ഔദ്യോഗിക ഇ മെയിലിലേക്ക് പരീക്ഷയ്ക്ക് ഒരു ദിവസം മുന്‍പ് ചോദ്യ പേപ്പര്‍ അയക്കും. പരീക്ഷ ആരംഭിക്കുന്നതിന് 90 മിനിറ്റ് മുന്‍പ് പാസ്വേഡ് ഉപയോഗിച്ച്‌ ചോദ്യ പേപ്പറുകള്‍ പ്രിന്റ് ചെയ്യാം. അതാത് കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കായിരിക്കും പരീക്ഷ നടത്തിപ്പിന്റെ ഉത്തരവാദിത്വം.ഈ മാസം 12ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബിഎഡ് പരീക്ഷയ്ക്കും 17ന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ പിജി പരീക്ഷകള്‍ക്കും ഈ രീതിയിലായിരിക്കും ചോദ്യ പേപ്പര്‍ വിതരണം ചെയ്യുക. 90 മിനിട്ട് മുന്‍പ് പ്രിന്‍സിപ്പലിനു ചോദ്യപേപ്പര്‍ കാണാനും പ്രിന്റെടുക്കാനും സാധിക്കുമെന്നതുകൊണ്ടുതന്നെ പ്രിന്റെടുക്കുന്നവരുടെ ഭാഗത്തു നിന്നടക്കം ചോദ്യങ്ങള്‍ ചോരാന്‍ സാധ്യത ഏറെയാണെന്നാണ് കെപിസിടിഎയുടെ ആരോപണം.
ഇന്റര്‍നെറ്റ് സൗകര്യം കുറവുള്ള വിദൂര സ്ഥലങ്ങളിലെ കോളജുകളില്‍ ഇത്തരത്തില്‍ ചോദ്യ പേപ്പര്‍ നല്‍കുന്നത് പരീക്ഷ സമ്ബ്രദായം താറുമാറാക്കുമെന്ന് ഒരു വിഭാഗം അദ്ധ്യാപകരും ആശങ്കപ്പെടുന്നു. അതേസമയം,ഉത്തരവില്‍ പറഞ്ഞിരിക്കുന്നത് 90 മിനിറ്റാണെങ്കിലും പരീക്ഷാ വിഷയവും ചോദ്യങ്ങളുടെ ദൈര്‍ഘ്യവും അനുസരിച്ചാവും പ്രിന്റെടുക്കാനുള്ള സമയം ക്രമീകരിക്കുക. പുതിയ പരീക്ഷ നടത്തിപ്പ് രീതിയില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post